അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് നിർദേശങ്ങൾ.
രോഗവ്യാപനം തടയാൻ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ വിദഗ്ധരും മറ്റ് സർക്കാർ സ്ഥാപനങ്ങളും സംസ്ഥാനത്തൊട്ടാകെ കോഴി, താറാവ്, കാട ഫാമുകളിൽ പരിശോധന നടത്തിയിരുന്നു. ഫാമുകളിൽ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് വിവിധ സർക്കാർ വകുപ്പുകൾ ഉറപ്പാക്കണം.
പ്രധാന നിർദേശങ്ങൾ
ഫാമുകൾക്കുള്ളിൽ പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും പ്രവേശന നിയന്ത്രണം. പ്രധാന ഗേറ്റിനു മുന്നിൽ വീൽ ഡിപ്പുകൾ. അണുനശീകരണലായനി നിറച്ച ഡിപ്പിലൂടെയെ വാഹനങ്ങൾ അകത്തേക്കുവിടാവൂ. ടയറുകൾ പൂർണമായി ലായനിയിൽ മുങ്ങണം.
അണുനാശിനി നിറച്ച ഫുട് ഡിപ്പുകളിൽ കാൽ മുക്കിവേണം
ആളുകൾ ഫാമുകളിൽ കയറാൻ. ഫുട് ഡിപ്പുകൾ ഉപയോഗിക്കേണ്ട രീതി ഗേറ്റിന് പുറത്ത് പ്രദർശിപ്പിക്കണം.
മറ്റ് പക്ഷികൾ ഫാമിനുമുകളിലോ വശങ്ങളിലോ കൂടുകൂട്ടുന്നതും കാഷ്ഠിക്കുന്നതും മറ്റും ഒഴിവാക്കാൻ പക്ഷിസുരക്ഷാ നെറ്റുകൾ (ബേർഡ് പ്രൂഫിങ്).
ഫാമുകളിലെ തുറന്ന വാരാന്തകളിൽ മറ്റ് ജന്തുക്കളും വന്യജീവികളും പ്രവേശിക്കുന്നത് തടയാൻ ഗ്രിൽ, മീൻവല എന്നിവകൊണ്ട് സുരക്ഷ.
ദേശാടനപ്പക്ഷികളും മറ്റ് നാട്ടുപക്ഷികളുമെത്തുന്നത് തടയാൻ ഫാമുകളോട് ചേർന്നുള്ള വലിയ മരങ്ങളുടെ ചില്ലകൾ മുറിച്ചുനീക്കണം.
ഫാമുകളിൽ ശാസ്ത്രീയ കീടനിയന്ത്രണ സംവിധാനങ്ങൾ. പ്രത്യേക വില്പന കൗണ്ടർ.
രോഗം നാല് ജില്ലകളിലെ 38 ഇടങ്ങളിൽ.
38 രോഗപ്രഭവകേന്ദ്രങ്ങളാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണിവ. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ
ചുറ്റളവിനുള്ളിൽ രോഗബാധിത മേഖലയും പത്ത് കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരീക്ഷണ മേഖലയുമാണ്. ഇവിടങ്ങളിലെ ഹാച്ചറികളിൽ ഡിസംബർ 31 വരെ പക്ഷികളുടെ വളർത്തൽ, കൈമാറ്റം, വില്പന എന്നിവ നിരോധിച്ചിട്ടുണ്ട്.