പന്നിയുടെ വൃക്ക മനുഷ്യനിൽ ഘടിപ്പിച്ച് വൈദ്യശാസ്ത്രലോകത്ത് ചരിത്ര നേട്ടവുമായി ന്യൂയോർക്കിലെ ഡോക്ടർമാർ. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് രോഗിക്ക് വച്ചുപിടിപ്പിച്ചത്. വൃക്കരോഗികൾക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണിത്. മസ്തിഷ്കമരണം സംഭവിച്ച രോഗിയുടെ വൃക്കയ്ക്കു പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുകയായിരുന്നു. മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്. ന്യൂയോർക്കിലെ എൻവൈയു ലാൻഗോൺ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ശസ്ത്രക്രിയ. സെപ്റ്റംബറിൽ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴാണ്.
വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേർത്തത്. തുടർന്ന് വൃക്ക സാധാരണ രീതിയിൽ പ്രവർത്തിക്കുകയും മൂത്രം ഉൽപാദിപ്പിക്കുകയും ചെയ്തുവെന്ന് എൻവൈയു ലാൻഗോൺ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റോബർട്ട് മോണ്ട്ഗോമെറി അറിയിച്ചു. പ്രതീക്ഷിച്ചതിലും വിജയമായിരുന്നു ശസ്ത്രക്രിയ. ഇത് ശുഭസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനിതകമാറ്റം വരുത്തിയ പന്നികൾ അവയവങ്ങളുടെ ഉറവിടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം, പന്നികളുടെ വൃക്ക മനുഷ്യർക്ക് ഉപയോഗിക്കുന്നതിനെ എതിർത്തും ഒട്ടേറെ ഡോക്ടർമാർ രംഗത്തെത്തിയിട്ടുണ്ട്. ദീർഘകാലം പന്നിയുടെ വൃക്ക പ്രവൃത്തിക്കുമോയെന്നതിൽ സംശയമുണ്ടെന്നും, പന്നികളിൽ കാണപ്പെടുന്ന രോഗങ്ങളും രോഗകാരികളും സ്വീകർത്താവിലേക്ക് എത്തിയേക്കാമെന്നുമുള്ള ആശങ്കകൾ ഇക്കൂട്ടർ പങ്കുവയ്ക്കുന്നു.
അതേസമയം, രണ്ടു വ്യത്യസ്ത സ്പീഷിസുകളിൽപ്പെട്ട ജീവികളുടെ അവയവങ്ങളോ കോശങ്ങളോ മാറ്റിവയ്ക്കുന്ന പ്രക്രിയയ്ക്ക് വലിയൊരു ചരിത്രമുണ്ട്. മൃഗങ്ങളുടെ രക്തം, ചർമം എന്നിവ മനുഷ്യരിൽ ഉപയോഗിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. 1960ൽ ചിമ്പാൻസികളുടെ വൃക്കകൾ ഏതാനും മനുഷ്യർക്ക് വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ, അവരെല്ലാം ഏതാനും മാസങ്ങൾക്കുള്ളിൽ മരണപ്പെടുകയാണുണ്ടായത്. ഏറ്റവും കൂടുതൽ നാൾ ജീവിച്ചിരുന്നത് 9 മാസം വരെയാണ്. 1983ൽ ബബൂണിന്റെ ഹൃദയം ഒരു പെൺകുട്ടിക്ക് വച്ചുപിടിപ്പിച്ചിരുന്നു. എന്നാൽ, 20 ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. അതേസമയം, അതിവേഗമുള്ള വളർച്ചയും കുറഞ്ഞ കാലംകൊണ്ട് പ്രായപൂർത്തിയാകുന്നതുമാണ് പന്നികളുടെ നേട്ടം. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ വളർച്ച കൈവരിക്കാൻ പന്നികൾക്ക് 6 മാസം മതി. പന്നികളുടെ ഹൃദയവാൽവുകൾ മനുഷ്യരിൽ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ ചില പ്രമേഹരോഗികൾ പന്നികളുടെ പാൻക്രിയാസ് സെല്ലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊള്ളലേറ്റവർക്ക് താൽക്കാലികമായി പന്നിയുടെ ചർമം ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.
ജീൻ എഡിറ്റിങ്, ക്ലോണിങ് സാങ്കേതികവിദ്യയുടെ സംയോജനത്തിലൂടെയാണ് ജനിതകമാറ്റം വരുത്തിയ പന്നികളുടെ അവയവങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്. പന്നികളുടെ ഹൃദയവും, വൃക്കകളും കുരങ്ങുകളിലും ബബൂണുകളിലും വിജയകരമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മനുഷ്യരിൽ അകറ്റിനിർത്തുകയായിരുന്നു.