പശു, നായ, ഉറുമ്പ്; മഹാരാഷ്ട്രയില്‍ കര്‍ഷകന്റെ മകളുടെ വിവാഹത്തിനെത്തിയ സ്പെഷ്യൽ അതിഥികൾ

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലുള്ള കോത്താലി ഗ്രാമത്തിൽ അടുത്തിടെ നടന്ന ഒരു വിവാഹാഘോഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രകാശ് സരോദേ എന്ന കര്‍ഷകന്റെ ഏക മകളുടെ വിവാഹമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. വളരെ വിചിത്രമായ രീതിയിലാണ് അദ്ദേഹം തന്റെ ഏക മകളുടെ വിവാഹം നടത്തിയത്. മനുഷ്യന്‍മാരെ മാത്രമല്ല അദ്ദേഹം വിവാഹ സത്കാരത്തിനായി ക്ഷണിച്ചത്. മറിച്ച് ഉറുമ്പുകളെയും പക്ഷികളെയും തന്റെ മകളുടെ വിവാഹത്തിനായി ക്ഷണിച്ചിരുന്നു.

മനുഷ്യരായ അതിഥികള്‍ക്ക് മുമ്പ് തന്നെ ഇവയ്ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു. വളരെ വലിയൊരു സംഘം അതിഥികളാണ് പ്രകാശിന്റെ മകളുടെ വിവാഹത്തിനായി എത്തിയത്. ഏകദേശം അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വിവാഹാഘോഷത്തില്‍ പങ്കെടുത്തത്. വിവാഹത്തിനായി തെരഞ്ഞെടുത്ത മണ്ഡപവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. അഞ്ച് ഏക്കര്‍ വരുന്ന കൃഷിസ്ഥലത്താണ് മകളുടെ വിവാഹത്തിനായി ഇദ്ദേഹം വേദിയൊരുക്കിയത്.

ഏകദേശം പതിനായിരത്തിലധികം പേരാണ് വിവാഹാഘോഷത്തില്‍ പങ്കെടുത്തത്. മൃഗങ്ങള്‍ക്കും ചടങ്ങില്‍ പ്രത്യേകം ക്ഷണമുണ്ടായിരുന്നു. എല്ലാ മൃഗങ്ങള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണവും നല്‍കാന്‍ പ്രകാശ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പശുക്കള്‍ക്കായി ക്വിന്റല്‍ കണക്കിന് വൈക്കോല്‍, പുല്ല്, നായകള്‍ക്കായി അവര്‍ക്കിഷ്ടപ്പെട്ട ഭക്ഷണം എന്നിവയും പ്രകാശ് കരുതിയിരുന്നു. ഉറുമ്പുകള്‍ക്കായി രണ്ട് ചാക്ക് പഞ്ചസാരയും അദ്ദേഹം കരുതിയിരുന്നു.

ചെറുതും വലുതുമായ എല്ലാ ജീവിവര്‍ഗ്ഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പ്രകാശിന്റെ മകളുടെ വിവാഹം നടന്നത്. ആരും വിശന്ന വയറോടെ പോകാന്‍ പാടില്ലെന്ന പ്രകാശിന്റെ നിര്‍ബന്ധമാണ് ഈ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആളുകൾ ചൂണ്ടിക്കാട്ടുന്നത്.

സൈനികനായ അതുല്‍ ദിവാനെയാണ് പ്രകാശിന്റെ മകളെ വിവാഹം കഴിച്ചത്. വിവാഹം ഇത്രയധികം മനോഹരമായി നടത്താന്‍ തന്നെ സഹായിച്ച എല്ലാവരോടും പ്രകാശ് നന്ദി പറയുകയും ചെയ്തു. ഇതോടെ ജില്ലയിലെ തന്ന വലിയ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ് പ്രകാശിന്റെ മകളുടെ വിവാഹം. കര്‍ഷകനായ ഇദ്ദേഹം എല്ലാ ജീവിവര്‍ഗ്ഗങ്ങളെയും അതിഥികളായി കണ്ട് സത്കരിച്ചതും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.