ഫുട്ബോൾ പ്രേമികൾക്ക് മനോഹരമായ ഫുട്ബോൾ അനുഭവമൊരുക്കുന്ന ദ് ബ്യൂട്ടിഫുൾ ഗെയിം’ പ്രദർശനം ദുബായിൽ ആരംഭിച്ചു. 2022 മാർച്ച് അവസാനം വരെ ദുബായ് പാർക്സ് ആൻഡ് റിസോർട്ടിലെ റിവർലാൻഡിലാണ് പ്രദർശനം. മധ്യപൂർവദേശത്ത് ഇതാദ്യമായാണ് ഇത്തരമൊരു ടൂറിങ് എക്സിബിഷൻ. ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി, റൊണാൾഡീഞ്ഞോ എന്നിവരടക്കം ഒട്ടേറെ ഫുട്ബോൾ ഇതിഹാസങ്ങൾ ധരിച്ച ജഴ്സി, ഷൂസ്, കളിക്കാനുപയോഗിച്ച പന്ത് തുടങ്ങിയ 100 ലേറെ വസ്തുക്കൾ പ്രദർശനത്തിലുണ്ട്. കൂടാതെ, വിവിധ ചാംപ്യൻഷിപ്പുകളുടെ കഥകളറിയാനും യഥാർഥ ട്രോഫികൾ അരികെ നിന്ന് കാണാനും സാധിക്കും.
ലോകത്തെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായ ഫുട്ബോളിനെക്കുറിച്ചറിയാൻ അവിസ്മരണീയമായൊരു യാത്രയാണ് പ്രദർശനത്തിലൂടെ സമ്മാനിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രതീതിയാണ് ആസ്വാദകർക്കുണ്ടാവുക. ആധുനിക ഫുട്ബോളിന്റെ ആധികാരിക വസ്തുക്കളുടെ പ്രദർശനം, നായകന്മാരും പ്രദർശനത്തിൽ ലോകത്തെങ്ങുമുള്ള മ്യൂസിയങ്ങളിലെ 100 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപരമായ വസ്തുക്കൾ എന്നിവയുമുണ്ട്.
എല്ലാവരിൽ നിന്നുമുള്ള കഥകളും ഇതിഹാസങ്ങളും പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന സവിശേഷമായ പ്ലാറ്റ്ഫോമാണ് പ്രദർശനമെന്നും മുതിർന്നവർക്കും കുട്ടികൾക്കും വേറിട്ട അനുഭവമായിരിക്കും ഇതെന്നും റീജിയണൽ പ്രമോട്ടറായ ലെൻസൊ മാനേജിങ് ഡയറക്ടർ താരിഖ് അൽ മാഷിനി പറഞ്ഞു. യൂണിവേഴ്സൽ എക്സിബിഷൻ ഗ്രൂപ്പിന്റെ (യുജി) സഹകരണത്തോടെ ഇന്റർനാഷനൽ ടൂറിങ് എക്സിബിഷൻസ് (ഐടിഇ)യാണ് പ്രദർശനം ഒരിക്കിയത്.
ഞായർ മുതൽ വ്യാഴം വരെ രാവിലെ 11 മുതൽ രാത്രി 9 വരെയും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 10 വരെയുമാണ് പ്രദർശനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് നിരക്ക്: ഒരാൾക്ക് 110 ദിർഹം. നാലും അതിൽക്കൂടുതലും ആളുകൾ ഒന്നിച്ച് സന്ദർശിക്കുകയാണെങ്കിൽ ഒരാൾക്ക് 88 ദിർഹം നൽകിയാൽ മതി. ടിക്കറ്റിന്; the Platinum List Website, ഇൻസ്റ്റഗ്രാം: @thebeautifulgame.