പെൻഷനു വേണ്ടി കാത്തിരിക്കുന്ന ചിലർക്കെങ്കിലും ഈ മാസം മുതൽ അതു ലഭിക്കില്ല. സർക്കാറിന്റെ ചെലവുചുരുക്കൽ നയത്തിന്റെ ഭാഗമായി ചിലരെയെല്ലാം പെൻഷൻ പട്ടികയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. ഇവർക്കൊന്നും പുതിയ മാസം മുതൽ പെൻഷന് അർഹതയില്ല.
സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കാണ് ഈ ഉത്തരവു ബാധകമാവുന്നത്. സംസ്ഥാനത്തെ ആറ് ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള പെൻഷൻ ഗുണഭോക്താക്കൾക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് നിബന്ധനകൾക്കു വിധേയമായി സർക്കാർ സഹായമില്ലാതെ തനതു ഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകളുടെ പെൻഷൻ വാങ്ങുന്നവർക്ക് 600 രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
കേരള പ്രവാസി ക്ഷേമനിധി ബോർഡ്, കേരള മദ്രസ ക്ഷേമനിധി ബോർഡ്, കേരള അഡ്വക്കറ്റ് ക്ഷേമനിധി കമ്മിറ്റി എന്നിവയ്ക്കു പുറമേ കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ പറ്റുന്നവർ, ദേവസ്വം ബോർഡ് പെൻഷൻകാർ, സഹകരണ എംപ്ലോയീസ് പെൻഷൻകാർ എന്നിവിഭാഗങ്ങൾക്ക് ഇനി സാമൂഹിക പെൻഷന് അർഹതയുണ്ടാവില്ല. ഈ പെൻഷൻ പദ്ധതികൾ എല്ലാം സർക്കാർ സഹായത്തോടു കൂടി പ്രവർത്തിക്കുന്നതിനാലാണ് ഇപ്പോൾ ഇവരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.