ജീവനക്കാരുടെ വിരമിക്കൽ പ്രായം 65 വയസ്സായി ഉയര്‍ത്തണമെന്ന് മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍. 56-57 വയസ്സില്‍ ആളുകള്‍ ഇപ്പോഴും ചെറുപ്പമാണ്. 65-ാം വയസ്സില്‍ ആളുകള്‍ക്ക് അവരുടെ ഇന്ദ്രിയങ്ങളില്‍ തികഞ്ഞ നിയന്ത്രണമുണ്ട്. അതിനാല്‍ അതുവരെ അവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടതില്ലെന്നും കെ എം ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിലില്ലായ്മ ഒരു വലിയ വിഷയമാണ്. സര്‍ക്കാരിന് തൊഴില്‍ സ്രോതസ്സാകാന്‍ കഴിയില്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം ആവശ്യമില്ലെന്നും കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. സ്റ്റാഫ് ഘടന യുക്തിസഹമാക്കേണ്ടതുണ്ട്. നമ്മുടെ പ്രശ്‌നം ജനസംഖ്യയാണ്. ഇന്ത്യയെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താല്‍, ഒരു ലക്ഷം പേരില്‍ 11 പേര്‍ മാത്രമാണ് ജോലിക്കാരായുള്ളത്. കണ്‍സള്‍ട്ടന്‍സികളെ ഒഴിവാക്കേണ്ടതുണ്ടെന്നും കെ എം ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മന്ത്രി എന്ന നിലയില്‍ ഏറ്റവും ബഹുമാനം തോന്നിയത് സിപിഐയുടെ ഇ ചന്ദ്രശേഖരന്‍ നായരോടാണ്. മാവേലി സ്റ്റോറുകള്‍, ഓണച്ചന്ത തുടങ്ങിയവയുടെ പിന്നില്‍ അദ്ദേഹമായിരുന്നു. കെ കരുണാകരനൊപ്പം പ്രവര്‍ത്തിക്കുന്നത് ഏറെ ആസ്വദിച്ചിരുന്നു. ഒരിക്കല്‍ കരുണാകരൻ നിങ്ങളെ വിശ്വസിച്ചാല്‍, അദ്ദേഹം നിങ്ങളോടൊപ്പം തന്നെയുണ്ടാകും. ഉമ്മന്‍ ചാണ്ടി മഹാനായ മനുഷ്യനാണ്. ഇത്രയും കഠിനാധ്വാനിയായ ഒരാളെ കണ്ടിട്ടില്ലെന്നും കെ എം ചന്ദ്രശേഖര്‍ പറഞ്ഞു.പ്രതിരോധമന്ത്രി എന്ന നിലയില്‍ എകെ ആന്റണിയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. സാധാരണയായി, പ്രതിരോധ മന്ത്രാലയത്തിന് അതിന്റെ ബജറ്റ് വിഹിതം പൂര്‍ണ്ണമായി ചെലവഴിക്കാന്‍ കഴിയില്ല. എല്ലാ ബജറ്റ് സമയത്തും പ്രതിരോധ മന്ത്രി കൂടുതല്‍ ഫണ്ട് ആവശ്യപ്പെടും. എന്നാല്‍ വര്‍ഷാവസാനം, മുഴുവന്‍ തുകയും ചെലവഴിക്കാന്‍ കഴിയാറില്ല. എന്നാല്‍ ആന്റണിയുടെ കാലത്ത് അദ്ദേഹം മുഴുവന്‍ വിഹിതവും ചെലവഴിക്കുകയും കൂടുതല്‍ ആവശ്യപ്പെടുകയും ചെയ്തു.പി ചിദംബരമായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. സിബിഐ ഡയറക്ടര്‍ മോഹിയായ വ്യക്തി എകെ ആന്റണിയുടെ മകന് പണം നല്‍കിയെങ്കില്‍, അയാള്‍ ഒരു വിഡ്ഢിയാണെന്ന് കെ എം ചന്ദ്രശേഖര്‍ പറഞ്ഞു. സിബിഐ ഡയറക്ടറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടയാളില്‍ നിന്ന് ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കൈക്കൂലി വാങ്ങിയെന്നാണ് ദല്ലാള്‍ ടി ജി നന്ദകുമാര്‍ ആരോപിച്ചിരുന്നത്. ഒരു പരിധിക്കപ്പുറം പോകാന്‍ ആളുകളെ അനുവദിക്കാത്ത ആളാണ് ആന്റണി. ബോധ്യപ്പെടാത്ത ഒരു കാര്യം ആന്റണിയെക്കൊണ്ട് ചെയ്യിക്കാനാകില്ല. എല്ലാ കാര്യങ്ങളും വിലയിരുത്തി മാത്രമാണ് ആന്റണി പ്രവര്‍ത്തിച്ചിരുന്നതെന്നും കെ എം ചന്ദ്രശേഖര്‍ പറഞ്ഞു.