കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ഈ മാസം 27ന് ഇന്ത്യൻ വിപണിയിൽ എത്തും. ഒരു കാലത്ത് വിപണി അടക്കിവാണ ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാകുമിതെന്നാണ് സൂചന. Watts ahead എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള ശ്രമങ്ങളിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹോണ്ട. മോട്ടോർ, ബാറ്ററി പാക്ക്, ചാർജർ, കൺട്രോൾ തുടങ്ങിയ വികസിപ്പിക്കാനുള്ള പേറ്റന്റിന് കഴിഞ്ഞ വർഷം ഹോണ്ട അപേക്ഷിച്ചിരുന്നു. പിന്നാലെ ആക്ടിവയുടെ ഇലക്ട്രിക് എന്ന് വിശേഷിപ്പിക്കാവുന്ന ഡിസൈനിനും കമ്പനി പേറ്റന്റ് നേടിയിരുന്നു.
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ പ്രധാനികളായ ഓല അടക്കമുള്ള കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും ഹോണ്ട സ്കൂട്ടർ. ആദ്യഘട്ടത്തിൽ ഇളക്കി മാറ്റാൻ കഴിയാത്ത ബാറ്ററി പാക്കാകും വാഹനത്തിലുണ്ടാവുക. അടുത്ത ഘട്ടത്തിൽ രാജ്യമാകെ ബാറ്ററി സ്വാപിംഗ് ശൃംഖല സ്ഥാപിച്ച് ഊരിമാറ്റാവുന്ന ബാറ്ററിയിലേക്ക് ആക്ടിവ മാറും. ബാറ്ററി മാറ്റിയിട്ട് യാത്ര തുടരാമെന്നതാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത.