പൊലീസ് സേനയുടെ യശസ്സുയര്‍ത്തുന്ന നിരവധി മാതൃക പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുമ്പോഴും വിരലിലെണ്ണാവുന്ന ചിലരുടെ പ്രവൃത്തികള്‍ പൊലീസ് സേനക്കാകെ കളങ്കപ്പെടുത്തിയുള്ള രീതിയിലാവുന്നത് ഗൗരവത്തോടെ കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന് ചേരാത്ത , പൊലീസ് സേനക്ക് ചേരാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍, ബേക്കല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് എന്നിവയുടെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊലീസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. രാജ്യത്തെ പൊലീസ് സേനയ്ക്ക് പല വിധത്തില്‍ മാതൃകയാവാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. ക്രമസമാധാന പരിപാലനം ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ കേസന്വേഷണം ഈ രംഗങ്ങളിലൊക്കെ രാജ്യത്ത് കേരള പൊലീസ് ഒന്നാമതാണ്. എന്നാല്‍ ചിലരുടെ പ്രവൃത്തിമൂലം അഭിമാനത്തോടെ നിലനില്‍ക്കുന്ന സേനക്ക് തലകുനിക്കേണ്ട അവസ്ഥയിലേക്കെത്തിക്കുന്നു.പൊലീസ് സേനക്കാകെ അപമാനമുണ്ടാക്കുന്ന നാടിന് ചേരാത്ത കളങ്കിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുന്നവര്‍ പൊലീസ് സേനയുടെ ഭാഗമായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവണമെന്നു തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ ആസ്ഥാനത്തെ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടിയില്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. കുറ്റാന്വേഷണ മികവില്‍ എന്നും മുന്നിലുള്ള കേരള പൊലീസ് അതി സൂക്ഷ്മമായ അന്വേഷണ മികവുമായി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എന്നിവയുടെ ശിലാഫലകം എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അനാച്ഛാദനം ചെയ്തു. ഡി.വൈ.എസ്.പി (എസ്.എം.എസ് പൊലീസ് സ്റ്റേഷന്‍) വിശ്വംഭരന്‍ നായര്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ , സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്. ഒ.കെ പ്രേംസദന്‍ , കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പി.ചന്ദ്രിക, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണ , ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ , മധൂര്‍ പഞ്ചായത്ത് അംഗം എം സ്മിത , ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ് കുമാര്‍ ആലക്കല്‍ , കെ.പി.ഒ.എ കാസര്‍കോട് സെക്രട്ടറി എം സദാശിവന്‍ , കെ.പി.എ കാസര്‍കോട് സെക്രട്ടറി എ.പി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പി കെ രാജു സ്വാഗതവും ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പി സി.എ അബ്ദുല്‍ റഹീം നന്ദിയും പറഞ്ഞു.