പൂത്തുലഞ്ഞ് ഉത്തരാഖണ്ഡ് താഴ്വരകൾ, പോകാം ‘ വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്’

സെപ്റ്റംബർ സഞ്ചാരികളുടെ ഇഷ്ടമാസമാണ്. നീണ്ട അവധിക്കാലവും അനുയോജ്യമായ കാലാവസ്ഥയും എല്ലാം തന്നെയാണ് അതിന് പിന്നിലെ കാരണങ്ങൾ. അങ്ങനെയൊരു യാത്രക്കൊരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ നേരെ ഉത്തരാഖണ്ഡിലേക്ക് വിട്ടോളൂ. എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തതരത്തിലുള്ള പൂക്കൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര. ഹിമാലയൻ താഴ്വരകളിലൂടെ ശുദ്ധവായു ശ്വസിച്ച്, കാറ്റിനൊപ്പം സഞ്ചരിച്ച്, വർണ്ണശബളമായ പൂക്കൾക്കിടയിലൂടെ ഒരു യാത്ര എന്ന് പറയുമ്പോൾ അത്ര എളുപ്പമായി കരുതേണ്ട, ദൈർഘ്യമുള്ള ട്രെക്കിങ് ദിവസങ്ങളും കുത്തനെയുള്ള കയറ്റവുമൊക്കെ ഒരുപക്ഷേ ട്രക്കിങ് പ​‍രിചയമില്ലാത്തവരെ കുറച്ച് ബുദ്ധിമുട്ടിച്ചേക്കാം. എങ്കിലും നിങ്ങളെ കാത്തിരിക്കുന്ന കാഴ്ച്ചകൾ ആ ബുദ്ധിമുട്ടുകളെ ഒന്നുമല്ലാതാക്കിത്തീര്‍ക്കുമെന്നുറപ്പ്.

ബദരിനാഥിൽ നിന്ന് ഏകദേശം ഒ​രു മണിക്കൂർ യാത്ര ചെയ്താല്‍ വാലി ഓഫ് ഫ്ലവേഴ്സിലെത്താം. ​ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് പൂക്കളുടെ ഈ താഴ്വര. 1980-ൽ ഭാരത സർക്കാർ വാലി ഓഫ് ഫ്ലവേഴ്‌സ് നാഷണൽ പാർക്കായി പ്രഖ്യാപിച്ചു. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഈ താഴ്വര പലരുടെയും ബക്കറ്റ്ലിസ്സ്റ്റിൽ ഇതിനോടകം തന്നെ ഇടം പിടി​ച്ചുകഴിഞ്ഞു. ഡെറാഡൂണിലേക്ക് റെയിൽ മാ‌ർ​ഗമോ വിമാനമാർ​ഗമോ എത്തിയാൽ പിന്നീട് അവിടെ നിന്ന് ജോഷിമഠിലേക്ക് ടാക്സി മാർ​ഗമോ ബസ്സ് മാ‌‌ർ​ഗമോ പോകാം.

ഇവിടെ നിന്ന് ഗോവിന്ദ്ഘട്ടിലേക്കെത്താൻ ഏകദേശം 1-2 മണിക്കൂർ വരെയെടുത്തേക്കാം. ട്രക്കിങ് ആരംഭിക്കുന്നത് അളകനന്ദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോവിന്ദ് ഘട്ട് എന്ന ചെറുപട്ടണത്തിൽ നിന്നാണ്. ഇവിടെ നിന്ന് ഏകദേശം 4 – 5 മണിക്കൂർ എടുത്തുവേണം ഗാംഗ്രിയയിൽ എത്താൻ. ഗാംഗ്രിയയിൽ എത്തിയതിന് ശേഷം വീണ്ടും ഏകദേശം 5 കിലോമീറ്റർ യാത്രയുണ്ട് വാലി ഓഫ് ഫ്ലവേഴ്‍സിലേക്ക്. രാവിലെ ഏഴുമണിക്ക് തുറന്നു കൊടുക്കുന്ന താഴ്വരയിൽ പ്രവേശനം ഉച്ചയ്ക്ക് 2.00 വരെയാണ് അനുവദിച്ചിരിക്കുന്നത്. 5 മണിയോടുകൂടി യാത്രികർ തിരിക്കെയെത്തണമെന്നും ഇവിടെ നിർബന്ധമുണ്ട്.

 

പഞ്ഞിക്കെട്ട് പോലെയുള്ള മേഘങ്ങൾക്കിടയിലേക്ക് തലയുയർത്തി നിൽക്കുന്ന മഞ്ഞുപർവ്വതത്തിന്റെയും, തണു തണുത്ത വെള്ളച്ചാട്ടത്തിന്റെയും ഇടയിൽ അനേകായിരം പൂക്കൾ പല നിറത്തിൽ പൂത്തു നിൽക്കുന്ന കാഴ്ച മനം മയക്കുമെന്നതിൽ സംശയമില്ല. പൂക്കൾ മാത്രമല്ല വൈവിധ്യമാർന്ന പൂമ്പാറ്റകളെയും ഇവിടെ കാണാൻ സാധിക്കും. ട്രക്കിങ്ങിന് ബുദ്ധിമുട്ടുള്ളവർക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തോ കുതിര സവാരി നടത്തിയോ കാഴ്ചകൾ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട്.

ഉത്തരാഖണ്ഡിന്റെ സംസ്ഥാന പുഷ്പമായ ബ്രഹ്മകമലം ഇവിടെ കാണാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. വളരെ അപൂർവ്വമായി കാണപ്പെടുന്ന ഈ പുഷ്പങ്ങൾക്ക് ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രസക്തി ഉണ്ട്. വർണാഭമായ ഈ കാഴ്ചകൾക്കായി നിരവധി സഞ്ചാരികളാണ് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള അനുവദിനീയമായ സമയത്ത് ഇവിടെയെത്തുന്നത്. ജൂണിൽ പ്രവേശനം ആരംഭിക്കുമെങ്കിലും ജൂലൈയോടെ ആവും പൂക്കൾ കൂടുതൽ ഉണ്ടാവുക. ഓരോ മാസങ്ങളിലും ഇവിടെ വ്യത്യസ്ത കാഴ്ചകൾ ഉണ്ടാവും. ജൂലെെ മാസം ആരംഭിക്കുന്ന ഈ വസന്തകാലം സെപ്റ്റംബ​ർ അവസാനത്തോടെ തീരും.

Verified by MonsterInsights