അമേരിക്കയിലെ പുരാതന നഗരങ്ങളിലൊന്നായ ഫിലഡെൽഫിയയിൽ ചരിത്ര സ്മാരകങ്ങൾ ഒട്ടേറെ. അതിൽ പലതും ‘പ്രേതബാധിതം’ എന്നു പ്രസിദ്ധം. ചരിത്രപ്രധാനമായ ഏറ്റുമുട്ടുകൾ നടന്ന സ്ഥലം, മാരകമായ പകർച്ചവ്യാധി നടമാടിയ നാട്, നിഷ്ഠൂരമായ കൊലപാതകങ്ങൾ സംഭവിച്ച സ്ഥലം, തകർന്നുകൊണ്ടിരിക്കുന്ന പുരാതന സെമിത്തേരികൾ, സംരക്ഷിത ശേഷിക്കായി കാത്തുസൂക്ഷിക്കുന്ന ജയിൽ… പ്രേതങ്ങളെ തിരഞ്ഞു നടക്കാൻ ഒട്ടേറെ ഇടങ്ങളുണ്ട് ഫിലഡെൽഫിയയിൽ.
> ദി ബിഷപ് വൈറ്റ് ഹൗസ്
ഇൻഡിപെൻഡൻസ് നാഷനൽ ഹിസ്റ്ററി പാർക്ക് പ്രദേശത്ത് എല്ലാവരുടേയും പേടിസ്വപ്നമാണ് ബിഷപ് വൈറ്റ് ഹൗസ് എന്ന കെട്ടിടം. പാർക്കിലെ കാവൽക്കാർക്കു പോലും അവിടെ വച്ച് അസുഖകരമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടത്രേ. അമേരിക്കൻ എപിസ്കപോലിയൻ ചർച്ചിന്റെ ആദ്യ ബിഷപ്പായിരുന്ന വൈറ്റ് 1789ൽ ആ കെട്ടിടം നിർമിച്ച കാലം മുതൽ അവിടുത്തെ അന്തേവാസിയായിരുന്നു. 1839 ൽ വീടിന്റെ മൂന്നാം നിലയിലുള്ള ലൈബ്രറിയിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 1793ൽ 5000 ഫിലഡൽഫിയക്കാർ മരിക്കാനിടയായ മഞ്ഞപ്പനി പകർച്ചവ്യാധി കാലത്ത് വൈറ്റിന്റെ ഒരു കുടുംബാംഗവും ആ മുറിയിൽ മരണമടഞ്ഞിരുന്നു.
ബിഷപ് വൈറ്റ് മരിക്കുന്നതിനു തൊട്ടു മുൻപ് വായിച്ചിരുന്ന പുസ്തകം ഇപ്പോഴും അവിടെയുണ്ട്. നല്ല ഉയരമുള്ള, മെലിഞ്ഞ ശരീരക്കാരനായ ബിഷപ്പ് ഗ്രന്ഥശാലയ്ക്കുള്ളിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം പലരും കണ്ടിട്ടുണ്ട്. അലറിക്കരഞ്ഞ് ഓടി അടക്കുന്ന ഒരു പൂച്ച സമീപത്തെത്തുമ്പോൾ അദൃശ്യമായിപോകുന്ന അനുഭവവും ആ കെട്ടിടത്തിനുള്ളിൽ നിന്നു സന്ദർശകർ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒന്നാമത്തെ നിലയിൽ അലഞ്ഞു നടക്കുന്നതായി പലരും കണ്ടിട്ടുള്ള സ്ത്രീ രൂപത്തിന് ഒരു കാലത്ത് വൈറ്റ് കുടുംബത്തിലെ ജോലിക്കാരി ആയിരുന്ന മിസിസ് ബോഗ്സിന്റെ ഛായയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
> വാഷിങ്ടൺ സ്ക്വയർ
1700 കളുടെ തുടക്കത്തിൽ സെമിത്തേരി ആയി ഉപയോഗിച്ചു വന്ന ഭൂഭാഗമാണ് ഇന്നത്തെ വാഷിങ്ടൺ സ്ക്വയർ. റവലൂഷണറി യുദ്ധകാലത്ത് ആയിരക്കണക്കിന് പട്ടാളക്കാർക്ക് അന്ത്യവിശ്രമം ഒരുക്കിയത് അവിടെ ആയിരുന്നു. ക്വയ്ക്കർ എന്ന ആത്മീയ സൗഹൃദസംഘത്തിൽ ഉൾപ്പെട്ടിരുന്ന ലീയ എന്ന വനിതയുടെ ആത്മാവാണ് വാഷിങ്ടൺ സ്ക്വയറിലെ ഏറ്റവും സജീവമായ പ്രേതം.ശവക്കുഴിയിൽ നിന്നു മോഷ്ടിക്കാൻ എത്തുന്നവരെ പേടിപ്പിച്ച് ഓടിക്കാൻ രാത്രിയിൽ സെമിത്തേരിയുടെ എല്ലാ ഭാഗത്തും സഞ്ചരിക്കുകയാണ് അവർ. വാഷിങ്ടൺ സ്ക്വയർ പൊതുസ്ഥലമായതിനാൽ എല്ലാവർക്കും പ്രവേശനമുണ്ട്.
> സിറ്റി ടവേൺ
തോമസ് ജഫേഴ്സൺ സിറ്റി ടവേണിൽ ഇരുന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം എഴുതി തയാറാക്കുമ്പോഴാണ് ബോൺ ടീ പാർട്ടിയുടെ വാർത്തയുമായി പോൾ റിവേർ ഓടി എത്തുന്നത്. 1854 ൽ പൂർണമായും കത്തി നശിച്ച കെട്ടിടത്തിന്റെ സ്ഥാനത്ത് പഴയ അതേ മാതൃകയിൽ പുനർ നിർമിച്ച സിറ്റി ടവേൺ ആണ് ഇപ്പോഴുള്ളത്. അന്നത്തെ അഗ്നിബാധയിൽ ജീവൻ വെടിഞ്ഞ ഒരു നവവധുവിന്റെയും ഒരു വഴക്കിനെ തുടർന്ന് കൊല്ലപ്പെട്ട യുവതിയായ ഹോട്ടൽ പരിചാരികയുടെയും ആത്മാക്കൾ ഇന്നും അവിടെയുണ്ടെന്നു വിശ്വസിക്കുന്നു. ഇന്നും ഏറെ തിരക്കുള്ള ഒരു റസ്റ്ററന്റാണ് ടാവേൺ.