തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് 4-ന് അവസാനിക്കുന്നത് കണക്കിലെടുത്ത് അതുവരെയുള്ള മുഴവന്‍ ഒഴിവുകളും നിയമനാധികാരികള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന വകുപ്പു മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം, കോടതി കേസുകള്‍ എന്നിവ മൂലം റെഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെട്ട് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാത്ത കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇക്കാര്യത്തില്‍ വകുപ്പ് അദ്ധ്യക്ഷന്മാര്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഇതിനകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയും രൂപീകരിച്ചിരുന്നു.