മെറ്റയുടെ ഉടമസ്ഥതയിലുള്ള എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് ഇനി എല്ലാവർക്കും ലഭിക്കും. നിലവിൽ ബീറ്റാ ടെസ്റ്റ് ഫീച്ചർ തിരഞ്ഞെടുത്തവർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ.എന്നാൽ ഈ മാസം മുതൽ എല്ലാ ഐഫോൺ ഉപയോക്താക്കൾക്കും അടുത്ത മാസം എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും മൾട്ടി ഡിവൈസ് സപ്പോർട്ട് തിരഞ്ഞെടുക്കാതെ ഉപയോഗിക്കാൻ സാധിക്കും.
ഒന്നിലധികം ഉപകരണങ്ങളിൽ ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്ന സൗകര്യമാണിത്. നേരത്തെ രണ്ടാമതൊരു ഉപകരണത്തിൽ ലോഗിൻ ചെയ്യണമെങ്കിൽ പ്രൈമറി ഡിവൈസ് ആയി ഫോൺ ആവശ്യമായിരുന്നു. ഫോണിൽ നെറ്റ് ഓൺ ആയിരുന്നാൽ മാത്രമേ വാ്ടസാപ്പ് വെബ്ബിലും ഡെസ്ക്ടോപ്പ് ആപ്പിലുമെല്ലാം ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ മൾട്ടി ഡിവൈസ് സപ്പോർട്ട് വരുന്നതോടെ ഫോൺ ഇല്ലെങ്കിലും നിങ്ങൾക്ക് മറ്റ് ഉപകരണങ്ങളിൽ ലോഗിൻ ചെയ്ത് വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.
എന്നാൽ പ്രൈമറി ഡിവൈസിൽ അല്ലാതെ മറ്റ് ഡിവൈസുകളിൽ ലൈവ് ലോക്കേഷൻ അയക്കാനോ, ബ്രോഡ് കാസ്റ്റ് ലിസ്റ്റുകൾ ഉണ്ടാക്കാനും ബ്രോഡ്കാസ്റ്റ് സന്ദേശങ്ങൾ അയക്കാനും കാണാനും സാധിക്കില്ല. വാട്സാപ്പ് വെബ്ബിലൂടെ അയക്കുന്ന സന്ദേശങ്ങൾക്ക് ലിങ്ക് പ്രിവ്യൂ ഉണ്ടാവില്ല.അതേസമയം വാട്സാപ്പ് പുതിയ ഇമോജി റിയാക്ഷനുകൾ ആൻഡ്രോയിഡ് ആപ്പിലേക്ക് അവതരിപ്പിച്ചു തുടങ്ങി.
വാട്സാപ്പിന്റെ 2.22.8.3 ബീറ്റാ പതിപ്പിലാണ് ഇമോജി റിയാക്ഷൻ ആദ്യം പ്രത്യക്ഷപ്പെട്ടത്. സന്ദേശങ്ങളോട് ഇമോജിയിലൂടെ പ്രതികരിക്കുന്നതിനുള്ള സംവിധാനമാണിത്. സന്ദേശങ്ങൾക്ക് മേൽ ലോങ് പ്രസ് ചെയ്താൽ ഇമോജി നിർദേശങ്ങൾ കാണാൻ സാധിക്കും. ഇത് തിരഞ്ഞെടുത്താൽ മതി. ഫെയ്സ്ബുക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാണ്.