സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായേക്കും. മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.
അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാക്കിയത്.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ആകെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ആകെ 150 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ കനത്ത മഴ പെയ്തിരുന്നു. നിലമ്പൂരിലാണ് ഏറ്റവും ശക്തമായ മഴ അനുഭവപ്പെട്ടത്. ഇവിടെ വൈകീട്ട് അഞ്ച് മണിമുതല്‍ ഒമ്പത് മണിവരെയുള്ള നാല് മണിക്കൂറില്‍ 99 എംഎം മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം മലപ്പുറത്ത് മഴ ശക്തമായി തുടരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കോട്ടയം ജില്ലയിലും ശക്തമായ മഴ അനുഭവപ്പെടുകയാണ്.കോട്ടയം പള്ളിക്കത്തോട് അര മണിക്കൂറില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 43 എംഎം മഴയാണ്. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.