പുതു വർഷത്തിൽ പുത്തൻ മാറ്റങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായി ഇനി മുതൽ പഴയ വേർഷൻ ആൻഡ്രോയിഡുകളിൽ ഓടുന്ന ഫോണുകളിൽ വാട്സാപ്പ് ഉണ്ടാകില്ലെന്ന് മെറ്റ അറിയിച്ചു. കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്.
നിങ്ങൾ വളരെ പഴയ ഫോണുകൾ ഉപ്യോഗിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഫോണുകളിൽ നിന്നും വാട്സാപ്പ് ബൈ ബൈ പറഞ്ഞേക്കാം. ചില ഉപയോക്താക്കൾക്ക് ഫോൺ മാറാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ് സേവനം നിലനിർത്താം.
എന്നാൽ നിലവിൽ പുതിയ അപ്ഡേഷനുകൾ വരാൻ സാധ്യതയില്ലാത്ത സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലക്കും . വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ ഫീച്ചറുകൾ പഴയ ആൻഡ്രോയ്‌ഡ് വേർഷനുകളിൽ പ്രവർത്തിക്കില്ല എന്നതാണ് ചില ഫോണുകളിൽ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കാനുള്ള കാരണം. 12 വർഷം മുമ്പ് അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിൾ ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു. ഐഒഎസ് 15.1 മുതൽ പിന്നോട്ടുള്ള ഐഫോണുകളിലും 2025 മെയ് മുതൽ വാട്സാപ്പ് ലഭിക്കില്ല.
സാംസങ് ഗ്യാലക്‌സി എസ്3, ഗ്യാലക്‌സി നോട്ട് 2, ഗ്യാലക്സി എസ്4 മിനി, ഗ്യാലക്‌സി ഏസ് 3, മോട്ടോ മോട്ടോ ജി, റേസർ എച്ച്‌ഡി, മോട്ടോ ഇ 2014, എച്ച്‌ടിസി എച്ച്‌ടിസി വൺ, എച്ച്‌ടിസി വൺ എക്‌സ്+, ഡിസൈർ 500, എച്ച്‌ടിസി ഡിസൈർ 601, എൽജി ഒപ്റ്റിമസ് ജി, നെക്സസ് 4, ജി2 മിനി, എൽ90, സോണി എക്‌സ്പീരിയ സ്സെഡ്, എക്‌സ്പീരിയ എസ്പി, എക്‌സ്പീരിയ ടി, എക്‌സ്പീരിയ വി തുടങ്ങിയ ഫോണുകളിലാവും സേവനം അവസാനിപ്പിക്കുക.