രാജ്യത്തിന് അഭിമാനം! ഗോള്‍ഡന്‍ ഗ്ലോബ് തിളക്കത്തില്‍ ആര്‍ആര്‍ആര്‍

രാജമൗലി ചിത്രം ആര്‍ആര്‍ആറിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എം എം കീരവാണി സംഗീതം നിര്‍വഹിച്ച നാട്ടു നാട്ടു എന്ന ഗാനത്തിനാണ് അംഗീകാരം. കാലഭൈരവയും രാഹുല്‍ സിപ്ലിഗഞ്ചും ചേര്‍ന്നാണ് ഗാനം രചിച്ചത്. എആര്‍ റഹ്‌മാന് ശേഷം ഇതാദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റഹ്‌മാനിലൂടെ പുരസ്‌കാരം നേടിയത്.

പുരസ്‌കാര വിതരണ ചടങ്ങില്‍ സംവിധായകന്‍ എസ് എസ് രാജമൗലി, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടായിരുന്നു. എം എം കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. എല്ലാവരുടെയും സ്‌നേഹത്തിനും ആഗോളതലത്തിലുള്ള ആരാധകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എസ്എസ് രാജമൗലിക്കൊപ്പം പ്രേം രക്ഷിത്, കാലഭൈരവ, ഗാനരചയിതാവ് ചന്ദ്രബോസ്, എന്‍ടിആര്‍, രാം ചരണ്‍ എന്നിവരോടും അദ്ദേഹം നന്ദി പറഞ്ഞു. ഭാര്യ ശ്രീവല്ലിയോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഇംഗ്ലീഷ് ഇതര സിനിമകള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള നോമിനേഷനും തെലുങ്ക് ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

 

ഏകദേശം 1200 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി കളക്ഷന്‍ നേടിയത്. 2022ൽ ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ വൻ വിജയമായിരുന്നു രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. 450 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ.ടി.ആറും പ്രധാന വേഷത്തിലെത്തുന്നു, 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതിനകം തന്നെ ചിത്രം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റി.

ഇന്ത്യന്‍ സിനിമ പ്രേമികളില്‍ ആവേശം നിറച്ച് ഓസ്‌കാര്‍ (Oscars) ചുരുക്കപ്പട്ടിക. ഇന്ത്യുടെ ആര്‍ ആര്‍ ആര്‍ (RRR) ഉം ഛെല്ലോ ഷോയുമാണ് (The Last Film Show) 2023 ലെ ഓസ്‌കാറിനായുളള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ആര്‍ആര്‍ആറും ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാദത്തില്‍ ദി ലാസ്റ്റ് ഫിലിം ഷോയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു.

Verified by MonsterInsights