റഫാൽ മുതൽ തേജസ് വരെ, ബ്രഹ്മോസ്, ആകാശ്… ഇന്ത്യയുടെ അഭിമാനമാണ് വ്യോമസേന

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇന്ന് അഭിമാന ദിവസമാണ്. വ്യോമസേനയുടെ 90-ാം ജന്മവാർഷികം. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനമുള്ള, അത്യാധുനിക മിസൈലുകളുള്ള സേനയാണ് ഇന്ത്യൻ വ്യോമസേന. വ്യോമസേനയുടെ മുൻനിര യുദ്ധവിമാനങ്ങളായ റഫാൽ, സു -30 എംകെഐ, അപ്പാച്ചെ, തേജസ്, ‘ഗജ്രാജ്’ എന്നിവയെല്ലാം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

• തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ചാണ് വ്യോമസേന രൂപീകൃതമായത്. തുടക്കത്തിൽ 6 ഓഫിസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ സ്ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്ക്വാഡൻ


• വപിറ്റി: ആദ്യത്തെ ഫൈറ്റർ വിമാനം വെസ്റ്റാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 – ൽ ബ്രിട്ടിഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 – ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആകണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്ക്വാഡനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വഹിച്ച പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതി പദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. എന്നാൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ എയർഫോഴ്സ് എന്നാക്കി മാറ്റുകയായിരുന്നു.

സുബ്രതോ മുഖർജി: ആദ്യ തലവൻ

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ.സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 – ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1965 ലെ – ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്.

പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര ക്യാംപുകൾ തകർത്ത് മടങ്ങിയതും വ്യോമസേനയായിരുന്നു.


Verified by MonsterInsights