രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയുടെ കുറവ്.

രാജ്യത്ത് വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യൂനിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് (Unified district information system for education plus UDISE+) ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്ത് വിദ്യാലയങ്ങളില്‍ ഒരു കോടി വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. 2022 – 23, 2023 – 24 അധ്യയന വര്‍ഷങ്ങളിലെ യുഡൈസ് പ്ലസ് റിപ്പോര്‍ട്ടുകളിലാണ് കുട്ടികളുടെ എണ്ണത്തില്‍ ഒരു കോടിയിലധികം ഇടിവ് കാണിക്കുന്നത്. 201819 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ശരാശരി എന്റോള്‍മെന്റ് കണക്കിലാണ് ഈ ഇടിവ്.

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു സമഗ്ര വിവരശേഖരണമാണ് യുഡൈസ് പ്ലസ്.

2022-23 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 25.17 കോടി ആയിരുന്നു. 202324 വര്‍ഷത്തില്‍ അത് 24.80 കോടിയായി കുറഞ്ഞു. ഒരു വര്‍ഷത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെ കുറവാണ് ഉണ്ടായത്. ഇതില്‍ 16 ലക്ഷം പെണ്‍കുട്ടികളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആണ്‍കുട്ടികളുടെ എണ്ണം 21 ലക്ഷം കുറഞ്ഞു.

യുഡൈസ് വിവര ശേഖരണത്തില്‍ ലഭ്യമായ രാജ്യത്തെ ആകെ വിദ്യാര്‍ഥികളില്‍ 26.9 ശതമാനം വിദ്യാര്‍ഥികള്‍ പൊതു വിഭാഗത്തില്‍ നിന്നും , 18 ശതമാനം പട്ടികജാതിയിലും , 9.9 ശതമാനം പട്ടികവര്‍ഗത്തിലും, 45.2 ശതമാനം മറ്റ് പിന്നാക്ക വിഭാഗത്തിലും നിന്നുള്ളവരാണ്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യം ഏകദേശം 20 ശതമാനമാണ്. ന്യൂനപക്ഷങ്ങളില്‍ 79.6 ശതമാനം മുസ് ലിംങ്ങളും 10 ശതമാനം ക്രിസ്ത്യാനികളും 6.9 ശതമാനം സിഖുകാരും 2.2 ശതമാനം ബുദ്ധമതക്കാരും 1.3 ശതമാനം ജൈനരും 0.1 ശതമാനം പാഴ്‌സികളുമാണ്.

മുന്‍ വര്‍ഷത്തില്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലെ എന്റോള്‍മെന്റ് 26 കോടിക്ക് മുകളിലായിരുന്നെങ്കില്‍ 202324ല്‍ ഇത് 24.8 കോടിയായി കുത്തനെ കുറഞ്ഞു. എന്റോള്‍മെന്റില്‍ ബിഹാറില്‍ 35.65 ലക്ഷത്തിന്റെ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി.യു.പിയില്‍ 28.26 ലക്ഷത്തിന്റെ ഇടിവുണ്ടായി. എന്നാല്‍ കേരളത്തില്‍ നില മെച്ചപ്പെട്ടതാണ്. കേരളത്തില്‍ 24.8 ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ അധ്യയന വര്‍ഷം എന്റോള്‍ ചെയ്തത്. പ്രാഥമിക വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ കണക്ക് മുന്‍ വര്‍ഷത്തെ 0.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ മുന്‍വര്‍ഷത്തെ സ്ഥിതി നിലനിറുത്തി. സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ മുന്‍ വര്‍ഷത്തേതില്‍ നിന്നും 4.3 ശതമാനം വര്‍ധനവുണ്ടായി.

Verified by MonsterInsights