രാജ്യത്താകെ ഹിറ്റായി കൊച്ചി വാട്ടര്‍മെട്രോ; മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍.

രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോ കൊച്ചിയിൽ തുടങ്ങിയിട്ട് 25-ന് ഒരു വർഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കൊച്ചി കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനിൽ ഒന്നായി വാട്ടർമെട്രോ മാറിക്കഴിഞ്ഞു. ടൂർ പാക്കേജുകളിലെല്ലാം വാട്ടർമെട്രോ യാത്രയും ഉൾപ്പെടുന്നുണ്ട്. രാജ്യത്തെ ഏക വാട്ടർമെട്രോ എന്നതാണ് ആകർഷണം.വിനോദസഞ്ചാരികളെ കൂടി ലക്ഷ്യമിട്ട് കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് പദ്ധതിയുടെ നടത്തിപ്പുകാരായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഇതിനൊപ്പം മറ്റു സംസ്ഥാനങ്ങളും വാട്ടർമെട്രോയിൽ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 നഗരങ്ങളിൽ വാട്ടർമെട്രോ നടപ്പാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിൽ കൊല്ലവും വാട്ടർമെട്രോയ്ക്കായി പരിഗണിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്.

ഈ മാസം 11 വരെയുള്ള കണക്കുകളനുസരിച്ച് 18,87,913 പേരാണ് വാട്ടർമെട്രോയിൽ യാത്ര ചെയ്തത്. കഴിഞ്ഞദിവസങ്ങളിൽ പ്രതിദിനം ശരാശരി 6,721 യാത്രക്കാരുണ്ടായതായി കെ.എം.ആർ.എൽ. അധികൃതർ പറയുന്നു. അവധിക്കാലമായതിനാൽ ഇത് 10,000 ത്തോളമെത്തുമെന്നാണ് പ്രതീക്ഷ. സർവീസ് ആരംഭിച്ച് ആറുമാസത്തിനകംതന്നെ വാട്ടർമെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. വൈറ്റില-കാക്കനാട്, ഹൈക്കോടതി-വൈപ്പിൻ എന്നീ റൂട്ടുകളിലായി തുടങ്ങിയ പദ്ധതി പിന്നീട് ബോൾഗാട്ടിയിലേക്കും സർവീസ് തുടങ്ങി. നിലവിൽ ഒൻപത് ടെർമിനലുകളുണ്ട്. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകൾ കഴിഞ്ഞ മാർച്ചിലാണ് ഉദഘാടനം ചെയ്തത്.

പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി തുടങ്ങിയ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വാട്ടർമെട്രോ പൂർണ സജ്ജമാകുന്നതോടെ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളാണ് സർവീസ് നടത്തുക. കൊച്ചി കപ്പൽശാലയിൽ നിർമിച്ച അത്യാധുനിക ബോട്ടുകളാണ് വാട്ടർമെട്രോയിൽ സർവീസ് നടത്തുന്നത്.

ടൂറിസം സാധ്യതകളേറെ

വിനോദസഞ്ചാരമേഖലയിൽ വാട്ടർമെട്രോയ്ക്ക് ഏറെ സാധ്യതകളുണ്ട്. ഇത് കണക്കിലെടുത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആർ.എൽ. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളിലേക്ക് വാട്ടർമെട്രോയിൽ യാത്രചെയ്തെത്തുന്നവർക്കായി കലാപരിപാടികളും വിനോദങ്ങളും ഒരുക്കാൻ പദ്ധതിയുണ്ട്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

Verified by MonsterInsights