രണ്ടാം ലോകമഹായുദ്ധത്തില്‍ തകർന്ന സ്വപ്‌നങ്ങൾ; 105ാം വയസ്സിൽ ബിരുദാനന്തര ബിരുദം തിരികെ പിടിച്ചു

യുദ്ധം മനുഷ്യ ജീവനുകൾ മാത്രമല്ല, അവരുടെ ജീവിതവും ജീവിതോപാധികളുമടക്കമാണ് ഇല്ലാതാക്കുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തുമായി കോടികണക്കിന് മനുഷ്യരുടെ ജീവിതമാണ് തകർന്ന് തരിപ്പണമായത്. യുദ്ധങ്ങൾ തകർത്തെറിഞ്ഞ പരിസ്ഥിതിയിൽ നിന്നും ഏറെ പണിപ്പെട്ടാണ് ഓരോ രാജ്യവും ജനതയും കരകയറുക.

രണ്ടാം ലോക മഹായുദ്ധം മൂലം നടക്കാതെപോയ ബിരുദാനന്തര ബിരുദ പഠനം 83 വർഷത്തിനുശേഷം പൂർത്തീകരിച്ചയാളുടെ ജീവിത കഥയാണ് വാർത്തകളില്‍ ഇടംപിടിച്ചത്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽനിന്ന് 105ാം വയസ്സിൽ എം എ കരസ്ഥമാക്കി ചരിത്രത്തിന്‍റെ ഭാഗമായിരിക്കുകയാണ് വിർജീനിയ ഹിസ്​ലോപ് എന്ന അമേരിക്കക്കാരി. 1940ലാണ് ഇവർ ബിരുദം പൂർത്തിയാക്കിയത്. ഫൈനൽ പ്രോജക്ടിന്‍റെ സമയത്താണ് ജോർജ് ഹിസ്​ലോപ്പുമായി ഇവരുടെ വിവാഹം നടന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് സൈനിക സേവനത്തിനായി ഹിസ്​ലോപ്പിന് പോകേണ്ടിവന്നപ്പോൾ വിർജീനിയക്കും കൂടെ പോകേണ്ടി വന്നു. അതോടെ തുടർപഠനം വഴിമുട്ടി.

ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച് 83 വർഷം അവർ കുടുംബത്തിനായി ജീവിച്ചു. പതിറ്റാണ്ടുകൾക്കിപ്പുറം സ്റ്റാൻഫോർഡിൽ മടങ്ങിയെത്തി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അക്കാദമിക സ്വപ്നം തിരിച്ചുപിടിച്ച് യുവാക്കൾക്കും വയോധികർക്കുമെല്ലാം പ്രചോദനമായിരിക്കുകയാണ് വിർജീനിയ.

Verified by MonsterInsights