മനുഷ്യന്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയായ സ്‌കീസോഫ്രീനിയക്കുള്ള പുതിയ ചികിത്സാരീതി പതിറ്റാണ്ടുകള്‍ക്കുശേഷം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ.) അംഗീകരിച്ചതിന്റെ ആവേശത്തിലാണ് വിദഗ്ധര്‍.
യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്‌സ് സ്‌ക്വിബ് ഫാര്‍മസി വികസിപ്പിച്ച ‘കൊബെന്‍ഫി’ എന്ന മരുന്ന്, നിലവിലുള്ള ചികിത്സാരീതികളില്‍നിന്ന് വ്യത്യസ്തമായി കോളിനെര്‍ജിക് റിസപ്റ്ററുകളെയാണ് ലക്ഷ്യംവെക്കുന്നത്. നടത്തിയ രണ്ട് ക്ലിനിക്കല്‍ പരീക്ഷണങ്ങളും വിജയംകണ്ട കൊബെന്‍ഫിക്ക് സ്‌കീസോഫ്രീനിയക്കുള്ള മറ്റു മരുന്നുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങളും കുറവാണ്.
സ്‌കീസോഫ്രീനിയ ബാധിച്ച ആളുകള്‍ക്ക് മുന്‍പ് നിര്‍ദേശിച്ചിട്ടുള്ള ആന്റി സൈക്കോട്ടിക് മരുന്നുകള്‍ക്ക് ഇത് പകരമാകുമെന്ന് എഫ്.ഡി.എ. അറിയിച്ചു.ഭ്രമാത്മകത, ചിന്തകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്ന സ്‌കീസോഫ്രീനിയ ബാധിക്കുന്നവരില്‍ ഏകദേശം അഞ്ചുശതമാനംപേരും ആത്മഹത്യചെയ്യുന്നുവെന്നാണ് പഠനം. മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവിലെ വ്യതിയാനമാണ് ഈ രോഗത്തിനു കാരണമാകുന്നത്.