രാവിലെ എണീറ്റ് ഒരു കപ്പ് ചായ കുടിക്കാത്തവർ ആരാണ്; ഈ ചേരുവകൾ ചേർത്താൽ ജോറാകും

രാവിലെ ഉണർന്നെണിറ്റ് രാത്രി ഉറങ്ങുന്നതിനിടയിൽ ഒരു കപ്പ് ചായ കുടിക്കാത്തവർ അപൂർവ്വമായിരിക്കും. ചിലർ ദിവസേന രണ്ടും, മൂന്നും, നാലും ചിലർ അതിലും കൂടുതൽ തവണയും ചായ കുടിക്കുന്ന ശീലക്കാരാവും. ഇന്ത്യയിൽ രാവിലെ കുടിക്കുന്ന ഒരു കപ്പ് ചായക്ക് ഒരു സാംസ്കാരിക തലം കൂടിയുണ്ട്. പക്ഷേ, ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ്റെ അളവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് പല പഠനങ്ങളും ചൂണ്ടികാണിക്കുന്നുണ്ട്. അസിഡിറ്റിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്ന സാഹചര്യം പോലുമുണ്ട്. ഈ പ്രശ്‌നങ്ങളെയെല്ലാം മറികടന്ന് ആരോഗ്യകരമായ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാമോ? രാവിലെ ചായയുടെ കൂടെ ഈ ചേരുവകൾ ചേർത്തുകുടിച്ചാൽ രുചി മാത്രമല്ല ആരോ​ഗ്യവും മെച്ചപ്പെടുത്താം.

കറുവപ്പട്ട ചേർത്ത് ചായ ഉണ്ടാക്കുന്നത് വളരെ രുചികരവും ആരോ​ഗ്യകരവുമാണ്. കറുവാപ്പട്ടയിൽ ആൻറി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങളുണ്ട്, ഇത് ചായയെ ആരോഗ്യകരമാക്കുന്നു. കറുവപ്പട്ട ചായ കുടിക്കുന്നത് മെറ്റബോളിസവും ദഹനവും വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകും.

ഗ്രാമ്പൂ

ഗ്രാമ്പൂ ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. അതിനാൽ ഗ്രാമ്പൂ ഇട്ട ചായക്ക് ആരോ​ഗ്യ ​ഗുണങ്ങൾ ഏറെയുണ്ട്. പേശി വേദനയ്ക്കും ഇത് ആശ്വാസം നൽകുന്നു. ഗ്രാമ്പൂ ചായ കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.

ഇഞ്ചി

ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അണുബാധയിൽ നിന്ന് സംരക്ഷണം നൽകാൻ ഇഞ്ചി ചായ ഏറെ സഹായിക്കും. ഇഞ്ചി ചായ വളരെ രുചികരവും ആരോഗ്യകരവുമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ രോഗങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കും. ഇഞ്ചി ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു.

തുളസി

തുളസിയില പ്രമേഹരോഗികൾക്ക് വളരെ ഗുണപ്രദമാണ്. തുളിസിയുടെ തളിർ ഇലകളിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. പ്രത്യേകിച്ച് വേനൽക്കാലത്ത് തുളസി ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

ഏലം

ഏലം ചായയുടെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലയ്ക്കാ ചായ കുടിക്കുന്നത് ദഹനത്തെ ശക്തിപ്പെടുത്തും. ഒപ്പം ചായ കുടിക്കുന്നത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ആശ്വാസം നൽകും. ഏലക്ക ചായ കുടിക്കുന്നത് വായ്നാറ്റം അകറ്റുകയും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. ചായക്ക് പ്രത്യേക സു​ഗന്ധവും ഏലക്ക സമ്മാനിക്കും.

Verified by MonsterInsights