ഡിജിറ്റൽ ഗാഡ്ജറ്റുകൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഏത് മേഖലയിൽ എടുത്തു നോക്കിയാലും മൊബൈൽ ഫോണുകളും ലാപ്ടോപ്പും അടക്കമുള്ള ഗാഡ്ജറ്റുകൾ നിത്യോപയോഗ വസ്തുവായി മാറി. പലരിലും ഡിജിറ്റൽ ഗാഡ്ജറ്റുകൾ ലഹരിയായും മാറിയിട്ടുണ്ട്. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ നമ്മളിൽ പലർക്കും ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അറിയണമെന്നില്ല. നേരംപോക്കിനും മറ്റും നിരന്തരം ഉപയോഗിക്കുന്ന ഇത്തരം ഗാഡ്ജറ്റുകൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷകരമായി ഭവിക്കുന്നുണ്ട്.
കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് തുടങ്ങിവ പതിയെപ്പതിയെ നമ്മെ അലട്ടിത്തുടങ്ങും. ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അനിയന്ത്രിതമായ ഉപയോഗം നമ്മുടെ ആരോഗ്യത്തെത്തന്നെ കാർന്നു തിന്നുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ നിരന്തര ഉപയോഗം കണ്ണുകളെ സാരമായിത്തന്നെ ബാധിക്കുമെന്നാണ് വിദഗ്ധർ അറിയിക്കുന്നത്.
സ്ക്രീൻ ടൈം ഏറ്റവുമധികം പണികൊടുക്കുന്നത് കണ്ണുകൾക്കാണ്. ലാപ്ടോപ്പിലും സ്മാർട്ട് ഫോണിലും ഇമചിമ്മാതെ ഒരുപാടുനേരം നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. ഇത് നമ്മുടെ കണ്ണിനും കാഴ്ചയ്ക്കും പ്രശ്നം സൃഷ്ടിക്കും. ഇത്തരം അവസ്വസ്ഥതകളെ കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്നാണ് പറയുന്നത്.
ലക്ഷണങ്ങൾ:ഈർപ്പം നഷ്ടമാകൽ, കണ്ണിനുചുറ്റും വേദന, കാഴ്ച മങ്ങൽ, തലവേദന.
ഇമചിമ്മാതെ ദീർഘനേരം സ്ക്രീനിൽ നോക്കുമ്പോൾ കണ്ണിലെ ജലാംശം കുറയും. കൺതടങ്ങൾ വരളാനും വേദനയ്ക്കും കാരണമാകും. ശീതീകരിച്ച മുറിയിൽ ദീർഘനേരം ഇരിക്കുന്നതും ഫാനിന് ചുവട്ടിൽ ഇരിക്കുന്നതുമെല്ലാം പ്രശ്നം രൂക്ഷമാക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മൊബൈൽ ഫോൺ കണ്ണിനോട് ചേർത്തുപിടിക്കുന്ന ശീലം ഒഴിവാക്കണം.
- കണ്ണിൽ നിന്ന് പരമാവധി രണ്ടടി അകലമെങ്കിലും പാലിക്കുന്നതാണ് നല്ലത്.
- മുറിയിലെ വെളിച്ചത്തിനനുസരിച്ച് ഫോണിലെ വെളിച്ചം ക്രമീകരിക്കണം.
- കണ്ണിന്റെ അതേ നിരപ്പിൽ തന്നെ ഫോൺ ക്രമീകരിക്കണം.
- ആവശ്യമുള്ള സമയത്തുമാത്രം മൊബൈൽ ഫോൺ തുറന്നാൽ മതി.
- ആവശ്യമില്ലാത്ത ആപ്പുകളുടെ നോട്ടിഫിക്കേഷനുകൾ സൈലന്റ് ആക്കിയിടാം.
- പ്രധാനപ്പെട്ട ജോലികൾ തുടങ്ങുമ്പോൾ നെറ്റ് ഓഫ് ചെയ്തിടാം. കഴിയുമെങ്കിൽ കുറച്ചു സമയത്തേക്ക് ഫോൺ ഓപ് ചെയ്തിടാം. രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്ന ശീലം വേണ്ട.