അര്‍ബുദചികിത്സയില്‍ തിരുവനന്തപുരം ആര്‍.സി.സി., മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച റോബോട്ടിക് സര്‍ജറി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് തുടക്കമിടുക. സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്നതിന് ബജറ്റ് വിഹിതമായി 30 കോടിയോളംരൂപ അനുവദിക്കും. തുടര്‍വര്‍ഷങ്ങളില്‍ മറ്റു മെഡിക്കല്‍ കോളേജുകളിലും സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഈവര്‍ഷം ആദ്യമാണ് ആര്‍.സി.സി.യില്‍ റോബോട്ടിക് സര്‍ജറി തുടങ്ങിയത്.
ആശുപത്രിവാസം കുറയ്ക്കും.
സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സര്‍ജറി. കംപ്യൂട്ടര്‍ നിയന്ത്രിത റോബോട്ടിക് കൈകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ യ്ക്ക് കൂടുതല്‍ കൃത്യതയുണ്ട്. ത്രിമാനദൃശ്യങ്ങള്‍ നിരീക്ഷിച്ച് ശസ്ത്രക്രിയാവിദഗ്ധനാണ് റോബോട്ടിക് കൈകള്‍ നിയന്ത്രിക്കുന്നത്.
ആഴമേറിയതും ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളിലെ ശസ്ത്രക്രിയ കൂടുതല്‍ വിജയകരമായി ചെയ്യാനാകും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം. കുറയ്ക്കാനാകും. പരമ്പരാഗത ശസ്ത്രക്രിയയേക്കാള്‍ ചെറിയ മുറിവായതിനാല്‍ അണുബാധസാധ്യത കുറവാണ്. ശസ്ത്രക്രിയയ്ക്കിടെയുള്ള രക്തസ്രാവവും കുറവായിരിക്കും.