റെക്കോർഡ് ഭേദിച്ച് റബർവില മുന്നോട്ട്. ഇന്നലെ കിലോയ്ക്ക് 191 രൂപ എത്തി. 2013 ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വലിയ കമ്പനികൾ വ്യാപകമായി റബർ വാങ്ങിയതോടെ റബർ വിപണിയിൽ കുതിപ്പ് തുടരുന്നു. ഇതിനൊപ്പം റബർ പാൽ വിലയും ഉയർന്നു. ഇന്നലെ റബർ പാൽ വില കിലോയ്ക്ക് 138 രൂപ എത്തി.
മഴ മൂലം ഉൽപാദനത്തിലെ ഇടിവ്. കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഇറക്കുമതിയിൽ ഇടിവ് എന്നിവ മൂലമാണ് റബർ വില ആദ്യം ഉയർന്നു തുടങ്ങിയത്. കമ്പനികൾ വിപണിയിൽ സജീവമായതോടെ വില വീണ്ടും ഉയർന്നു. ഇന്നലെ കൊച്ചി, കോട്ടയം റബർ മാർക്കറ്റുകളിൽ റബർ വ്യാപാരം നാലിരട്ടിയായി. രണ്ടു മാർക്കറ്റുകളിലുമായി ഇന്നലെ രണ്ടായിരം ടണ്ണിൽ ഏറെ റബ്ബർ വ്യാപാരം നടന്നു. കഴിഞ്ഞ ആഴ്ച പ്രതിദിനം 500 ടണ്ണിൽ താഴെയായിരുന്നു വ്യാപാരം. അതേസമയം മുൻവർഷങ്ങളിൽ നവംബർ മാസങ്ങളിൽ പ്രതിദിനം 3000 ടൺ വ്യാപാരം നടന്നിരുന്നു.
റബർ വരവ് കൂടിയതായി ഇന്ത്യൻ റബർ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ജോർജ്ജ് വാലി പറഞ്ഞു.ഷീറ്റ് റബ്ബർ പ്രോത്സാഹന സഹായം റബർ വ്യാപാരികൾക്ക് റബർ ഷീറ്റ് കൊടുക്കുന്ന കർഷകർക്ക് കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് റബർ ഡീലേഴ്സ് അസോസിയേഷൻ റബർ ബോർഡിനു നിവേദനം നൽകി. റബർ പാലിനു പകരം റബ്ബർ ഷീറ്റ് ഉല്പാദിപ്പിച്ചാൽ കിലോയ്ക്ക് രണ്ടു രൂപ വരെയാണ് റബർ ബോർഡ് അധിക തുക നൽകുന്നത്. നിലവിൽ റബർ ഉത്പാദക സംഘങ്ങൾ, റബർ ബോർഡ് കമ്പനികൾ എന്നിവിടങ്ങളിൽ റബ്ബർ ഷീറ്റ് നൽകിയാൽ മാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. എന്നാൽ കൂടുതൽ കർഷകരും റബർ വ്യാപാരികൾക്കാണ് റബർ ഷീറ്റ് വിൽക്കുന്നത്.