റബറുൽപാദന പ്രോത്സാഹന പദ്ധതി ഏഴാം ഘട്ടം: കർഷകർക്ക് റജിസ്റ്റർ ചെയ്യാം

റബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബറുൽപാദന പ്രോത്സാഹന പദ്ധതിയുടെ ഏഴാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന റബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

 നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബറുൽപദകസംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോ, റബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും കോപ്പി എന്നിവ ഹാജരാക്കണം.

ആറാം ഘട്ടത്തില്‍ റജിസ്ട്രേഷന്‍ പുതുക്കാത്ത ഗുണഭോക്താക്കള്‍ 2020-21 വര്‍ഷത്തെ ഭൂനികുതി രസീതും പുതുക്കലിനായി സമര്‍പ്പിക്കേണ്ടതാണ്. 2021 ജൂലൈ ഒന്ന് മുതലുള്ള ബില്ലുകളാണ് പരിഗണിക്കുക. സെയില്‍സ് ഇന്‍വോയ്സുകള്‍ / ബില്ലുകള്‍ എന്നിവ സാധുവായ ലൈസന്‍സുള്ള ഒരു ഡീലറില്‍നിന്നുള്ളതായിരിക്കണം. ഡീലര്‍മാര്‍ നിയമപരമായി വേണ്ട റിട്ടേണുകള്‍ എല്ലാം സമര്‍പ്പിക്കുന്നവരുമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights