നമ്മുടെ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളോടും വെല്ലുവിളികളോടും ഭീഷണികളോടുമുള്ള ശരീരത്തിന്റെ ജൈവികമായ പ്രതികരണത്തെയാണ് സമ്മര്‍ദ്ദം എന്ന് വിളിക്കുന്നത്. ശാരീരികമായും മാനസികമായും നാം സാഹചര്യങ്ങളോടു പ്രതികരിക്കാറുണ്ട്. പഠനം, കരിയര്‍, ജോലി, സാമ്പത്തികം, വ്യക്തിജീവിതം എന്നിവയെ ചുറ്റിപ്പറ്റിയെല്ലാം നമുക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. പലതരത്തിലുള്ള രാസപ്രവര്‍ത്തനങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളും സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകാറുണ്ട്. ചെറിയ തോതിലുള്ള സമ്മര്‍ദ്ദമൊക്കെ ഗുണപ്രദമാണെങ്കിലും ഇത് സ്ഥിരമാകുന്നത് ശാരീരികവും മാനസികവും വൈകാരികവുമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഉറക്കപ്രശ്‌നങ്ങള്‍ എന്നിവ സമ്മര്‍ദ്ദം മൂലമുണ്ടാകാമെന്ന് മുലുന്ദ് ഫോര്‍ട്ടിസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സഞ്‌ജയ് കുമാവത് പറയുന്നു. എന്‍ഡോക്രൈന്‍ സംവിധാനത്തെ ബാധിച്ച് പ്രമേഹം, തലവേദന, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ലൈംഗിക ഉദ്ദീപനക്കുറവ്, അസംതൃപ്‌തി പോലുള്ള പല പ്രശ്‌നങ്ങളിലേക്കും സമ്മര്‍ദ്ദം നയിക്കാമെന്ന് ഡോ. സഞ്‌ജയ് ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങളാല്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ആദ്യം സമ്മര്‍ദ്ദമുണ്ടാക്കുന്ന കാരണങ്ങളെ കൃത്യമായി കണ്ടെത്തണം. ഇതില്‍ ഒഴിവാക്കാന്‍ പറ്റുന്നവ ഒഴിവാക്കുകയും ഒഴിവാക്കാന്‍ പറ്റാത്തവ അമിത സമ്മര്‍ദ്ദം ഉണ്ടാക്കാത്ത രീതിയില്‍ മാറ്റിയെടുക്കുകയും വേണം. സമ്മര്‍ദ്ദമുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തില്‍ പില്‍ക്കാലത്ത് അനുകൂലഫലങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കും. അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ശ്രമിക്കേണ്ടതാണ്. ഉദാഹരണത്തിന് പഠിക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നത് ചില യുവാക്കള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇത് എത്രത്തോളം പ്രധാനമാണെന്ന് ചിന്തിച്ചാല്‍ സമ്മര്‍ദ്ദം കുറേയൊക്കെ നിശ്ചയദാര്‍ഢ്യത്തിന് വഴിമാറും. സമ്മര്‍ദ്ദം താങ്ങാനാവാതെ വരുന്നവര്‍ ഇതിന് സൈക്യാര്‍ടിസ്റ്റിനെയോ സൈക്കോളജിസ്‌റ്റിനെയോ കണ്ട് പ്രഫഷണല്‍ സഹായം തേടാന്‍ മറക്കരുത്.