സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്’

‘കോഴിക്കോടിനെ സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് ജില്ലയായി പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഒരു ഡിജിറ്റല്‍ ഇടപാട് സൗകര്യമെങ്കിലും ഒരുക്കിക്കൊടുത്താണ്  ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് എന്ന നേട്ടം സ്വന്തമാക്കിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സി മുഹമ്മദ് റഫീഖ് പ്രഖ്യാപനം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഡിജിറ്റല്‍ ബാങ്കിങിലേക്ക് മാറുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണ്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോട്ടയത്തും തൃശൂരും സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത് വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലും പദ്ധതി നടപ്പാക്കിയത്.

വ്യക്തിഗത ഇടപാടുകാർക്കിടയിൽ ഡെബിറ്റ് കാർഡ്, മൊബൈൽ ബാങ്കിങ്‌, ഇന്റർനെറ്റ് ബാങ്കിങ്‌, യുപിഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനങ്ങളും സംരംഭകർക്കും വ്യവസായികൾക്കുമിടയിൽ നെറ്റ് ബാങ്കിങ്‌, ക്യുആർ കോഡ്, പിഒഎസ് മെഷീൻ തുടങ്ങിയ സേവനങ്ങളും പ്രചരിപ്പിച്ച് ബാങ്കിങ്‌ ഇടപാടുകൾ 100 ശതമാനം ഡിജിറ്റലൈസ് ചെയ്യാനുള്ള യജ്ഞമാണ് ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ നേതൃത്വത്തിൽ പരിസമാപ്തിയിലെത്തിയത്. 

പൊതുമേഖല ബാങ്കുകളും സ്വകാര്യ ബാങ്കുകളും മേഖല റൂറല്‍ ബാങ്കും കേരള ബാങ്കും സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഉള്‍പ്പെടെ ജില്ലയില്‍ 34 ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. ഈ ബാങ്കുകളിലുള്ള 38 ലക്ഷം അക്കൗണ്ടുകള്‍ക്ക് ചുരുങ്ങിയത് ഒരു ഡിജിറ്റല്‍ സൗകര്യം എങ്കിലും നല്‍കിയാണ് ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കടന്നത്. 

ച‌ടങ്ങിൽ എസ്.എൽ.ബി.സി കൺവീനർ ആൻഡ് ജനറൽ മാനേജർ കനറാ ബാങ്ക് എസ്.പ്രേംകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ആർ.ബി.ഐ ജനറൽ മാനേജർ സിഡ്രിക് ലോറൻസ്, കനറാ ബാങ്ക് റീജ്യണൽ ഹെഡ് ഡോ. ടോംസ് വർ​ഗീസ്, തിരുവനന്തപുരം ആർ.ബി.ഐ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് കൃഷ്ണൻ മാധവ്, റിട്ടയേർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ കോറോത്ത് എന്നിവർ സംസാരിച്ചു. ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ സ്വാ​ഗതവും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ ജോർജ്ജ് നന്ദിയും പറഞ്ഞു.

Verified by MonsterInsights