സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്
സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു പെയ്തത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വാകമരം കടപുഴകി റോഡിൽ വീണു. ഇലക്ട്രിക് ലൈനിലും സമീപത്തെ കടയുടെ മുകളിലേക്കുമാണ് മരം വീണത്. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റിരുന്നു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.
എറണാകുളത്ത് മഴയിൽ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. രാത്രി എട്ടരയോടെയാണ് മതിൽ ഇടിഞ്ഞ് വീണത്. 10 മീറ്ററോളം മതിൽ ഇടിഞ്ഞു വീണു. ആളപായമില്ല.
ഇടുക്കിയിൽ ശക്തമായി പെയ്ത മഴയിൽ വണ്ണപ്പുറത്ത് രണ്ട് പേർ ഒഴുക്കിൽ പെട്ടിരുന്നു. ഇതില്‍ ഒരാൾ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ നാട്ടുകാർ രക്ഷപെടുത്തി. തോട് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം ഉയർന്നിരുന്നു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.