സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒരുജില്ലയില്‍ യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്താകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഏറ്റവും പുതുക്കിയ അറിയിപ്പ് അനുസരിച്ച് ഇന്ന് പത്തനംതിട്ട ജില്ലയില്‍ മാത്രമാണ്  യെല്ലോ അലര്‍ട്ട് ഉള്ളത്. തൊട്ടടുത്ത ദിവസങ്ങളില്‍ പത്തനംതിട്ടയ്ക്ക് പുറമേ തിരുവനന്തപുരം ഇടുക്കി ജില്ലകളില്‍ കൂടി  യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാല്‍ കാലാവസ്ഥ വകുപ്പ് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Verified by MonsterInsights