സാംസങിന്റെ ഗാലക്സി ടാബ് എസ് പരമ്പര ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. ഗാലക്സി ടാബ് എസ്8 അൾട്രയുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വൈഫൈ പതിപ്പിന് 1,08,999 രൂപയാണ് വില. ഇതിന്റെ 5ജി പതിപ്പിന് 1,22,999 രൂപയാണ് വില. 14.6 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. അലൂമിനിയം ഫ്രെയിമിൽ നിർമിതമായ ടാബിൽ 12 എംപി ഫ്രണ്ട് ക്യാമറകളുണ്ട്. 4എൻഎം സ്നാപ്ഡ്രാഗൺ 8ജെൻ വൺ പ്രൊസസർ ചിപ്പിലാണ് ഗാലക്സി എസ്8 സീരീസ് എത്തുന്നത്. വൈഫൈ 6ഇ പിന്തുണയ്ക്കുന്ന ആദ്യ ഗാലക്സി ടാബ് ലെറ്റ് ആണിത്. ഇതുവഴി അതിവേഗ സുരക്ഷിത നെറ്റ് വർക്ക് സാധ്യമാവും. 45 വാട്ട് അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.
ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവയ്ക്ക് 8 ജിബി 128 ജിബി സ്റ്റോറേജ് പതിപ്പാണുള്ളത്. എസ്8 പ്ലസിന്റെ വൈഫൈ പതിപ്പിന് 87999 രൂപയും 5ജി പതിപ്പിന് 87999 രൂപയും ആണ് വില. ടാബ് എസ് ന്റെ വൈഫൈ പതിപ്പിന് 58999 രൂപയും 5ജി പതിപ്പിന് 70999 ഉം ആണ് വില. ഫെബ്രുവരി 22 മുതൽ മാർച്ച് 10 വരെ ഗാലക്സി എസ്8 ടാബുകൾക്കായി പ്രീ ബുക്ക് ചെയ്യാം. സാംസങ്.കോം, മറ്റ് പങ്കാളി വെബ്സൈറ്റുകളിലും ബുക്കിങ് സൗകര്യമുണ്ട്. പ്രീബുക്ക് ചെയ്യുന്നവർക്ക് 22999 രൂപയുടെ കീബോർഡ് കവർ സൗജന്യമായി ലഭിക്കും. ഇത് കൂടാതെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഗാലക്സി എസ്8 അൾട്ര വാങ്ങുന്നവർക്ക് 10000 രൂപയുടെ കാഷ്ബാക്കും, എസ് 8 പ്ലസ് എന്നിവ വാങ്ങുന്നവർക്ക് 8000 രൂപയും എസ് വാങ്ങുന്നവർക്ക് 7000 രൂപയും കാഷ്ബാക്ക് ലഭിക്കും.
> സാംസങ് ഗാലക്സി എസ്
11 ഇഞ്ച് WQXGA (2560×1600 പിക്സൽ) എൽടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസർ ആണിത് എന്നാണ് കരുതുന്നത്.ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടാബ്ലെറ്റിനുള്ളത്. അതിൽ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിയ്ക്ക് വേണ്ടി 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്. 8000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വരെ വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.
> സാംസങ് ഗാലക്സി എസ് 8 പ്ലസ്
12.4 ഇഞ്ച് WQXGA+ (2800×1752 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്ടാകോർ പ്രൊസസർ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വ റാം ശേഷിയുണ്ട്. ഗാലക്സി എസ് 8 ലെ അതേ ഡ്യുവൽ ക്യാമറ ഫീച്ചർ ആണ് ഇതിലുമുള്ളത്. സെൽഫിയ്ക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഇതിലെ 10090 എംഎച്ച് ബാറ്ററിയിൽ സൂപ്പർ ഫാസ്റ്റ്ചാർജ് സൗകര്യമുണ്ട്.
> സാംസങ് ഗാലക്സി എസ്8 അൾട്ര
കൂട്ടത്തിൽ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 120 ↑ ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളിൽ ഉള്ള 4എൻഎം ഒക്ടാകോർ പ്രൊസസർ ചിപ്പ് തന്നെയാണിതിലും. ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 13 എംപി പ്രൈമറി സെൻസറും 6എംപി അൾട്രാ വൈഡ് സെൻസറും ഉൾക്കൊള്ളുന്നു. 11200 എംഎഎച്ച് ബാറ്ററിയിൽ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.