സംസ്ഥാനത്തെ സ്‌കൂൾ ദിനങ്ങളിൽ വീണ്ടും മാറ്റം; പ്രവർത്തിദിനം 205 ആക്കി;വേനലവധിയും പഴയതു പോലെ

സംസ്ഥാനത്തെ അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. 2023-24 വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി ചുരുക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി. അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 01 മുതൽ 05 വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങൾക്ക് മാറ്റമില്ല. യോഗത്തിൽ അധ്യാപക സംഘടനകളുടെ അഭ്യർത്ഥന മാനിച്ചാണ് 210 സ്കൂൾ പഠന ദിവസങ്ങൾ എന്നത് 205 പഠനദിവസങ്ങൾ എന്നാക്കി നിജപ്പെടുത്തിയത്.

മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ല. അദ്ധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ 5 ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതിനോടൊപ്പം 4 ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങൾ ആണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങൾ ആണ് ഉണ്ടാകുക. യോഗത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

friends travels
Verified by MonsterInsights