കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന പൊന്മുടിയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, മങ്കയം ഈക്കോടൂറിസം കേന്ദ്രങ്ങളും തുറന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പൊന്മുടിയിലേക്കുള്ള പ്രവേശനം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കുമെന്നു കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊന്മുടിക്കൊപ്പം പാലോട് വനം റേഞ്ചിലെ കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം, മങ്കയം ഈക്കോടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുമെന്നു ഡി എഫ് കെ.ഐ. പ്രദീപ് കുമാർ അറിയിച്ചിരുന്നു. പൊന്മുടി സംസ്ഥാന ഹൈവേയിൽ കല്ലാർ മൊട്ടമൂടിനു സമീപത്തെ റോഡിലെ തകർന്ന സംരക്ഷണ ഭിത്തി ഇതുവരെ നന്നാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്തു ഡി വൈഡർ ഉപയോഗിച്ചു അപകടകരമായ ഭാഗത്തു കൂടെയുള്ള യാത്ര ഒഴിവാക്കിയിരുന്നു. തൽസ്ഥിതി തുടരും.
ഇവിടെ പൊലീസ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗതാഗത നീയന്ത്രണം തുടരും. സഞ്ചാരികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. പ്രവേശന ടിക്കറ്റുമായി വരുന്നവർ രണ്ടു വാക്സീൻ സ്വീകരിച്ച രേഖ, രണ്ടു ദിവസത്തിനിടെ എടുത്ത ആർടിപിസിആർ ഫലം എന്നിവയിൽ ഒന്ന് കല്ലാർ ചെക്പോസ്റ്റിൽ വനം ഉദ്യേഗസ്ഥരെ കാണിച്ചു ബോധ്യപ്പെടുത്തണം. രക്ഷകർത്താക്കൾക്കൊപ്പം വരുന്ന കുട്ടികൾക്ക് പ്രവേശനം ഉണ്ടാകും. ഒരു മാസത്തിനു ശേഷമാണ് പൊന്മുടി വിനോദസഞ്ചാരം പുനരാരംഭിക്കുന്നത്.