തകർപ്പൻ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ ജയം. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്‌ണോയിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. 25 റൺസെടുത്ത ക്ലാസൻ, 23 റൺസെടുത്ത കോട്ട്സി , 21 റൺസെടുത്ത റയാൻ എന്നിവരാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയത്.
ഡർബനിൽ വെറും 47 പന്തിലാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 10 സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒടുവിൽ 50 പന്തിൽ 107 റൺസ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇതോടെ തുടർച്ചയായ കളികളിൽ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായി സഞ്ജു സാംസൺ.
സഞ്ജുവിന്റെ സെഞ്ചുറിയുടെ ബലത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എടുത്തു, തിലക് വർമ 33 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റൺസും നേടി. അഭിഷേക് ശർമ എട്ട് പന്തിൽ എഴും ഹാർദിക് പാണ്ഡ്യ ആറ് പന്തിൽ രണ്ട് റൺസും റിങ്കു സിങ് പത്ത് പന്തിൽ 11 റൺസും അക്സർ പട്ടേൽ ഏഴ് പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി. നാല് പന്തിൽ അഞ്ച് റൺസുമായി അർഷ്ദീപ് സിങ്ങും മൂന്ന് പന്തിൽ ഒരു റണ്ണുമായി രവി ബിഷണോയിയും പുറത്താകാതെ നിന്നു. ഈവിജയത്തോടെ നാല് മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.