എടിഎം തട്ടിപ്പുകൾ കൂടിവന്ന സാഹചര്യത്തിൽ 2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (SBI). എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയാൻ എപ്പോഴും എസ്ബിഐ ജാഗ്രത പുലർത്താറുണ്ട്. എടിഎം വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ നിയമങ്ങൾ ബാങ്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇപ്പോൾ രണ്ട്-ഘട്ട പരിശോധന ആവശ്യമാണ്. 10000 രൂപയ്ക്ക് മുകളിൽ തുക എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ കൃത്യമായ ഒടിപി (One Time Password (OTP) ) നൽകേണ്ടതുണ്ട്.
എടിഎം തട്ടിപ്പുകൾ കൂടിവന്ന സാഹചര്യത്തിൽ 2020 ജനുവരിയിലാണ് എസ്ബിഐ ഒടിപി നിയമം കൊണ്ടുവന്നത്.
ഒരൊറ്റ ഇടപാട് സ്ഥിരീകരിക്കുന്നതിന് വേണ്ടി ഉപഭോക്താവിൻെറ മൊബൈൽ ഫോണിലേക്ക് നാലക്ക ഒടിപിയാണ് വരിക. ഒരു തവണയുള്ള ഇടപാടിന് മാത്രമേ ഈ ഒടിപി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ.
10,000 രൂപയിൽ കൂടുതൽ തുക പിൻവലിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് ഇടപാട് നടത്തുമ്പോൾ ഡെബിറ്റ് കാർഡ് പിൻ നമ്പറിന് പുറമെ ഒടിപിയും നൽകണം. എടിഎം വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് ഒരു അധികസുരക്ഷയാണ് ഈ സംവിധാനം നൽകുന്നത്. ‘എടിഎമ്മുകളിലെ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം തട്ടിപ്പുകാർക്കെതിരായ വാക്സിനേഷനാണ്. തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം,’ എസ്ബിഐ ഈ വർഷം ആദ്യം ട്വീറ്റ് ചെയ്തിരുന്നു.
ഒടിപി ഉപയോഗിച്ച് എസ്ബിഐ എടിഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം?
നിങ്ങളുടെ ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണും എടിഎം സെൻററിലേക്ക് കൊണ്ടുവരണം.
കൃത്യമായ ഒടിപി നൽകുന്നതിലൂടെ നിങ്ങൾക്ക് ഇടപാട് പൂർത്തിയാക്കാൻ സാധിക്കും.
തുടക്കത്തിൽ, രാവിലെ 8 മുതൽ രാത്രി 8 വരെ നടത്തുന്ന ഇടപാടുകൾക്കാണ് എസ്ബിഐ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. 2020 സെപ്റ്റംബർ മുതൽ ഈ സൗകര്യം 24×7 മണിക്കൂറിലും ലഭ്യമാക്കിയിട്ടുണ്ട്. “എസ്ബിഐ എടിഎമ്മുകളിലെ നിങ്ങളുടെ ഇടപാടുകൾ ഇപ്പോൾ എന്നത്തേക്കാളും സുരക്ഷിതമാണ്. 10,000 രൂപയ്ക്കും അതിനുമുകളിലുള്ള തുകയ്ക്കും ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം 18.09.2020 മുതൽ 24 മണിക്കൂറും ആക്കിയിരിക്കുകയാണ്,” എസ്ബിഐ അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് മാത്രമാണ് ഈ സേവനം ലഭ്യമാവുക. എന്നിരുന്നാലും മറ്റ് ബാങ്കുകളും ഈ പാത പിന്തുടർന്ന് ഉപഭോക്താക്കളെ എടിഎം വഴിയുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരാക്കുമെന്ന് കരുതുന്നതായും എസ്ബിഐ കൂട്ടിച്ചേർത്തു.