പാലക്കാട്: സ്കൂൾ വികസനത്തിനായി സ്ഥലം വാങ്ങാൻ ചാലിശ്ശേരി ജിഎല്‍പി സ്‌കൂളിലെ സഹോദരിമാരായ വിദ്യാർത്ഥിനികള്‍ സ്വര്‍ണക്കമ്മലുകള്‍ നല്‍കി. നാലാംക്ലാസ് വിദ്യാര്‍ത്ഥിനി പ്രവ്ദ, സഹോദരിയും യുകെജി വിദ്യാർത്ഥിനിയുമായ താനിയ എന്നിവരാണ് തങ്ങളുടെ സ്വര്‍ണക്കമ്മലുകള്‍ നല്‍കിയത്. വട്ടമ്മാവ് വലിയകത്ത് വീട്ടില്‍ വി എന്‍ ബിനു- ആരിഫാബീഗം ദമ്പതിമാരുടെ മൂന്നുമക്കളില്‍ മൂത്തവരാണ് ഇവര്‍ ഇരുവരും. കുട്ടികളുടെ തീരുമാനം സന്തോഷത്തോടെ രക്ഷിതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
650ൽ അധികം പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിന് നിലവില്‍ 45 സെന്റ് സ്ഥലമാണ് ഉള്ളത്. എല്‍ പി സ്‌കൂളിന് ചുരുങ്ങിയത് ഒരേക്കര്‍ വേണമെന്നാണ് വ്യവസ്ഥ. തൃത്താല ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയത്തില്‍ 18 ക്ലാസ് മുറികള്‍ വേണ്ടിടത്ത് നിലവില്‍ 12 ക്ലാസ് മുറികളാണ് ഉള്ളത്.
മന്ത്രി എം ബി രാജേഷ് സ്‌കൂളിന് പുതിയ കെട്ടിടത്തിനായി 1.2 കോടി എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ക്ലാസ് മുറികള്‍ക്കായി പുതിയ കെട്ടിടം പണിയുന്നതിനായി പുതുതായി 15 സെന്റ് ഭൂമി വാങ്ങാന്‍ പിടിഎ തീരുമാനിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ ഫണ്ട് ശേഖരണം നടത്തിവരികയാണ്.
തിങ്കളാഴ്ച സ്‌കൂള്‍ വാര്‍ഷികാഘോഷച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി വിദ്യാർത്ഥിനികളില്‍നിന്ന് കമ്മലുകള്‍ ഏറ്റുവാങ്ങി.