2025 ആകുന്നതോടെ ക്ഷയരോഗം (ടിബി) തുടച്ചു നീക്കുക എന്നതാണ് നമ്മുടെ രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതിലേക്ക് വഴിതെളിക്കുന്ന ഒരു കണ്ടുപിടുത്തത്തിലേയ്ക്കാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വെളിച്ചം വീശിയിരിക്കുന്നത്. രാജ്യത്ത് ക്ഷയരോഗനിര്‍ണയം വേഗത്തിലും ഫലപ്രദമായും നടത്തുന്നതിനുള്ള പരീക്ഷണങ്ങൾക്കൊടുവിലാണ് ഉപകരണം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപനമായ കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ശാസ്ത്രജ്ഞരുമായി സഹകരിച്ച് ക്ഷയരോഗനിര്‍ണ്ണയം നടത്തുന്നതിനായി ഒരു ഹാന്‍ഡ്‌ഹെല്‍ഡ് എക്സ്റേ ഉപകരണം കണ്ടുപിടിക്കുകയായിരുന്നു.
രോഗനിര്‍ണയത്തിനായി വിലകൂടിയ എക്‌സറേ ഉപകരണങ്ങളെ ആശ്രയിക്കുന്നതിന് പകരം രാജ്യത്തെ ക്ഷയരോഗ പരിശോധനയില്‍ മാറ്റം വരുത്തുന്നതിനായിട്ടാണ് ഇങ്ങനെയൊരു യന്ത്രം വികസിപ്പിച്ചെടുത്തത്. ഈ എക്‌സറേ ഉപകരണം ആരോഗ്യസംരക്ഷണ രംഗത്ത് വലിയ മാറ്റത്തിലേക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചെലവുകുറഞ്ഞ ഈ പോര്‍ട്ടബിള്‍ എക്സറേ മെഷീൻ ആരോഗ്യ സേവനങ്ങള്‍ ലഭിക്കാന്‍ തടസമുളള ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹാന്‍ഹെല്‍ഡ് എക്‌സറേ ഉപകരണം നിര്‍മ്മിക്കാനായി ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞര്‍ക്ക് 2022ൽ 4.60 കോടി രൂപ അനുവദിച്ചിരുന്നു.
ക്ഷയരോഗം തടയാന്‍ കഴിയുന്ന രോഗമാണെങ്കിലും ഓരോ വര്‍ഷവും 1.5 ദശലക്ഷത്തിലധികം ആളുകളാണ് ഇതുമൂലം മരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമായി ഇന്നും ഈ രോഗം നിലനില്‍ക്കുന്നു. ക്ഷയരോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് സമയബന്ധിതമായി അത് കണ്ടെത്തേണ്ടതിന്റെയും ചികിത്സിക്കേണ്ടതിന്റെയും ആവശ്യമുണ്ട്. നേരത്തെ രോഗനിര്‍ണയം കണ്ടെത്തിയാല്‍ രോഗം മെച്ചപ്പെടുത്താനും തടയാനും സാധിക്കും.