വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയിൽ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുകയാണ് വയനാട്ടുകാരൻ ശേഷാദ്രി. മണ്ണും വെള്ളവും വേണ്ടാത്ത എയ്റോപോണിക്സ് സാങ്കേതികവിദ്യയിൽ കേരളത്തിലാദ്യമായാണ് കുങ്കുമപ്പൂവ് ഇൻഡോർ കൃഷി ചെയ്യുന്നതെന്ന് ശേഷാദ്രി പറഞ്ഞു. കിറ്റ്കോയിൽ സിവിൽ എൻജിനിയറായിരുന്ന ഈ 33-കാരൻ ജോലിയോട് വിടപറഞ്ഞാണ് സുൽത്താൻബത്തേരി മലവയലിലെ വീട്ടിലേക്ക് കശ്മീർ താഴ്വരയിലെ കുങ്കുമപ്പൂക്കളെ കൊണ്ടുവന്നത്. പുണെയിൽ കുങ്കുമപ്പൂ കൃഷിചെയ്യുന്ന കർഷകനെക്കുറിച്ച് അറിഞ്ഞ്, അവിടെയെത്തി നേരിൽക്കണ്ട് പഠിക്കുകയായിരുന്നു.
കണ്ടാൽ വെളുത്തുള്ളിയെന്ന് തോന്നുന്ന സാഫ്രൺ കോർമ്സ് (ബൾബ്) കശ്മീരിൽനിന്ന് എത്തിച്ചു. വീട്ടിലെ ടെറസ്സിൽ താപനിലയും ഈർപ്പവും നിലനിർത്തുന്ന സജ്ജീകരണമൊരുക്കി കൃഷിതുടങ്ങി. സെപ്റ്റംബർമുതൽ ഡിസംബർവരെയാണ് കൃഷിക്കാലം.
പൂക്കൾ വിരിഞ്ഞുതുടങ്ങുമ്പോൾ ജനിദണ്ഡുകൾ സൂക്ഷ്മതയോടെ ശേഖരിച്ച് പ്രത്യേക യന്ത്രത്തിൽ ഉണക്കിയെടുക്കണം. ഗുണമേന്മയ്ക്കനുസരിച്ചാണ് വില. അനുകൂല താപനില കൃത്രിമമായി നിലനിർത്തുന്നതിനാൽ വർഷം മുഴുവൻ കുങ്കുമപ്പൂ കൃഷിചെയ്യാനാവുമോ എന്നുള്ള പരീക്ഷണം ഇപ്പോൾ നടത്തുന്നുണ്ട്. ശേഷാദ്രി ഇല്ലാത്തപ്പോൾ സഹോദരി നിത്യയാണ് കൃഷിയുടെ മേൽനോട്ടം. പരേതരായ ശിവകുമാറിന്റെയും സർവമംഗളയുടെയും മക്കളാണ് ഇരുവരും.
വിലയും ഗുണവും
പൂവ് വയലറ്റ് നിറത്തിലാണ്. ഇതിന്റെ പരാഗണസ്ഥലമായ മൂന്ന് നാരുകൾ (ജനിദണ്ഡ്) ആണ് സുഗന്ധവ്യഞ്ജനമായി വേർതിരിച്ചെടുക്കുന്നത്. കുങ്കുമനിറത്തിലുള്ള ഇതാണ് ഔഷധ ആവശ്യങ്ങൾക്കും നിറത്തിനും ഉപയോഗിക്കുന്നത്. ഏകദേശം 150 പൂക്കളിൽനിന്നാണ് ഉണക്കിയെടുത്ത ഒരു ഗ്രാം കുങ്കമപ്പൂ ലഭിക്കുന്നത്. ഗ്രാമിന് മുന്നൂറുമുതൽ 900 രൂപവരെയാണ് റീട്ടെയിൽ വില. ലോകത്ത് ഉത്പാദിപ്പിക്കുന്ന കുങ്കുമപ്പൂവിൽ 88 ശതമാനവും ഇറാനിലാണ്. കശ്മീർ, സ്പെയിൻ എന്നിവിടങ്ങളിലും കൃഷിയുണ്ട്.