പച്ചക്കറി വിപണനത്തിനുപുറമേ സന്ദർശക പാസിലൂടെ മറ്റൊരു വരുമാനം കൂടി കർഷകർക്കു കിട്ടുന്നു. ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെ വെല്ലുന്ന സൗകര്യം നാട്ടിലെ കർഷകരൊരുക്കിയപ്പോൾ ചെറുപ്പക്കാർ സേവ് ദി ഡേറ്റും പ്രണയരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതും ചൊരിമണലിലായി.
കഞ്ഞിക്കുഴിയിലെ കാരിക്കുഴി പാടത്ത് യുവകർഷകനായ സുജിത്ത് സ്വാമിനികർത്തിൽ നടത്തിയ സൂര്യകാന്തി കൃഷിയുടെ വിജയമാണ് ഈ രംഗത്തേക്കു കൂടുതൽ പേരെ ആകർഷിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കിൽ കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി നടത്തിയ ഓണം ജൈവോത്സവവും വിജയംകണ്ടു. ചേർത്തല മരുത്തോർവട്ടം പള്ളി അങ്കണത്തിലും മതിലകത്തുമായി നടക്കുന്ന പുഷ്പോത്സവും വിജയം നേടി.
ഇപ്പോൾ തിരുവിഴ ദേവസ്വം ഇലഞ്ഞിയിൽ പാടത്ത് തുടങ്ങിയ ഫാം ടൂറിസം കേന്ദ്രത്തിലും വലിയ തിരക്കാണ്. പൂച്ചെടി നടുമ്പോൾ ഇടവിളയായി ചീരയും വെള്ളരിയും നടും. ആദ്യം ചീര വിളവെടുക്കും. പിന്നീട്, പൂക്കൾ വിടരും. പൂക്കളുടെ ശോഭ തീരുമ്പോൾ വെള്ളരിവിളവെടുക്കാം. ഇതാണ് കർഷകരുടെ രീതി. മീൻ വളർത്തൽ കേന്ദ്രങ്ങളാണു ചൂണ്ട ഇടൽ കേന്ദ്രമായി മാറുന്നത്. പിടിക്കുന്ന മീനിന്റെ വിലയാണ് നൽകേണ്ടത്. നാടൻ ഭക്ഷണം തയ്യാറാക്കൽ കുടുംബശ്രീക്കാർക്കു വരുമാനമാർഗമായി.
* പ്രധാനമായും മൂന്നിടത്ത്
മരുത്തോർവട്ടം, മതിലകം, തിരുവിഴ ഇലഞ്ഞിയിൽപ്പാടം എന്നിവിടങ്ങളിലാണ് ഏക്കറുകണക്കിനുള്ള ഫാമുകളിൽ കൃഷി നടക്കുന്നത്. കൂടാതെ കർഷകരുടെ വീടുകളുമായി ബന്ധപ്പെട്ടു ചെറിയ കൃഷികളുമുണ്ട്. ഒരേക്കറിൽ 50,000 രൂപ മുടക്കിയാൽ മൂന്നു മാസത്തിനുള്ളിൽ ഒരുലക്ഷം രൂപയെങ്കിലും കിട്ടുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വലിയ മഴയും വെള്ളപ്പൊക്കവുമൊക്കെയാണു ഭീഷണി. ചീര, വെള്ളരി തുടങ്ങിയവ വിൽക്കുമ്പോൾത്തന്നെ നല്ല വരുമാനം കിട്ടും. പൂവ് ബന്തിയാണെങ്കിൽ ഇപ്പോൾ കിലോയ്ക്ക് 80 രൂപ വരെ വിലയുണ്ട്. പ്രവേശന പാസിലൂടെയും വരുമാനം നേടാം. തരിശുനിലത്താണു കൃഷിയെങ്കിൽ സർക്കാർ സഹായവും ലഭിക്കും.