എസ്എസ്എൽസി റിസൽട്ട് വന്നതിന്റെ പിറ്റേദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി, ഇപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്നു. ”തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നത്. എസ്എസ്എൽസി തോറ്റവർക്ക് കൊടൈക്കനാലിൽ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേ. ഈ ഓഫർ ഈ മാസം അവസാനം വരെ” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിന്റെ ഉള്ളടക്കം. പതിനഞ്ച് വർഷത്തോളമായി കൊടൈക്കനാലിൽ ഹാമോക്ക് ഹോംസ്റ്റേ നടത്തുന്ന കോഴിക്കോട് സ്വദേശി സുധിയായിരുന്നു ഈ കുറിപ്പിന് പിന്നിൽ. തന്റെ ഫോൺനമ്പറും സുധി കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. സുധി ചോദിക്കുന്നത് ലോകം തോറ്റവരുടെ കൂടിയല്ലേ? എന്നാണ്.
പരീക്ഷയിലെ തോൽവി ഒന്നിന്റെയും അവസാനമല്ലെന്നാണ് വിളിച്ച വിദ്യാർത്ഥികളോട് പറഞ്ഞത്. പോസ്റ്റിന്റെ സത്യാവസ്ഥ തിരക്കി വിളിച്ചവരും അനവധിയാണെന്ന് സുധി പറഞ്ഞു. വേരിഫിക്കേഷന് ശേഷമായിരിക്കും ഇവർക്ക് ഈ ഓഫർ നൽകുക. വിദ്യാർത്ഥികൾ പഠിച്ച സ്കൂളിൽ വിളിച്ച് കാര്യങ്ങൾ വിശദമായി അന്വേഷിച്ചതിന് ശേഷമായിരിക്കും താമസിപ്പിക്കുക. മാതാപിതാക്കൾക്കൊപ്പം വരാനാണ് കുട്ടികളോട് പറഞ്ഞിരിക്കുന്നത്. എന്തായാലും ജയിച്ചവർക്കൊപ്പം മാത്രമല്ല, തോറ്റവർക്ക് കൂടിയുള്ളതാണ് ഈ ലോകമെന്ന് സുധി പറയുന്നു. അവരെ ചേര്‍ത്തുപിടിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനം വരെയാണ് ഓഫർ.
”വൈറലാകുമെന്ന് പ്രതീക്ഷിച്ചല്ല ഇത്തരമൊരു പോസ്റ്റിട്ടത്. രണ്ട് ദിവസം കൊണ്ട് ധാരാളം ആളുകൾ വിളിച്ചു. ‘ചേട്ടാ, ഞാൻ തോറ്റുപോയി, എപ്പോഴാ അങ്ങോട്ട് വരേണ്ടത്’ എന്ന് ചോദിച്ചാണ് ചില കുട്ടികൾ വിളിച്ചത്. കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സന്നദ്ധസംഘടനകളും ഒക്കെ വിളിച്ചു. ” വൈറൽ പോസ്റ്റിന് ലഭിച്ച പ്രതികരണത്തെക്കുറിച്ച് സുധി പറയുന്നു.