സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?

ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയാറുണ്ട്. പകൽ മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എട്ട് മണിക്കൂർ രാത്രിയുറക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണയായി എട്ട് മണിക്കൂർ ഉറങ്ങുന്ന പുരുഷന് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണമില്ലാതെ ദിവസം തുടങ്ങാനാകും. എന്നാൽ എല്ലാ സ്ത്രീകൾക്കും ഇപ്രകാരം സാധിക്കില്ലെന്നാണ് കണ്ടെത്തൽ.  7-8 മണിക്കൂർ രാത്രി ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്ന പല സ്ത്രീകളുമുണ്ട്. കാരണം അത്തരക്കാർക്ക് കുറച്ചുകൂടി ഉറക്കം ആവശ്യമാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മുംബൈയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ സ്മാരക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സോനം സിംപത്വാർ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണെന്ന് ചോദിച്ചാൽ അതിന് മുന്നോടിയായി എന്തിന് നാം 8 മണിക്കൂർ ഉറങ്ങണം എന്ന് അറിഞ്ഞിരിക്കണം.

ആരോഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്, ഹൃദയത്തിന്റെ ആരോഗ്യത്തിന്, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന്, നല്ല ചർമ്മം നല്ല തലമുടി, ദീർഘായുസ്സിന് എന്നിവയ്‌ക്കെല്ലാം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. വികാരങ്ങളെ മെച്ചപ്പെട്ട നിലയിൽ നിയന്ത്രിക്കാനും ഉത്കണ്ഠ, വിഷാദം എന്നിവയെ കുറയ്‌ക്കാനും നല്ല ഉറക്കം സഹായിക്കും.  പൊതുവെ പ്രായപൂർത്തിയായ മനുഷ്യന് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കമാകാം. ഇതിൽ തന്നെ സ്ത്രീകളെ പരിഗണിക്കുമ്പോൾ പുരുഷന്മാരേക്കാൾ 11-20 മിനിറ്റ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമാണെന്നാണ് പഠനങ്ങൾ. പകൽസമയത്തെ ജോലിഭാരത്തിൽ നിന്നും മുക്തമാകാൻ പുരുഷന് എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ആവശ്യമായി വരുന്ന വിധമാണ് അവരുടെ ശരീരത്തെയും തലച്ചോറിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാലാണ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമായി വരുന്നത്. കാരണം പുരുഷന്റെ തലച്ചോറിനേക്കാൾ സങ്കീർണമാണ് സ്ത്രീകളുടേത്. മൾട്ടി-ടാസ്ക് ചെയ്യാനും തലച്ചോറിനെ കൂടുതലായി ഉപയോഗിക്കാനും ചില സ്ത്രീകൾക്ക് സാധിക്കുന്നതും ഇതുകൊണ്ടാണ്. എന്നാൽ ഇതേ കാരണം കൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും അതിൽ നിന്ന് മോചിതമാകാൻ പുരുഷന്മാരേക്കാൾ സമയം വേണ്ടി വരികയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Verified by MonsterInsights