സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്യാന്‍ പറ്റിയ നഗരങ്ങളുടെ പട്ടിക പുറത്ത്.

പുരുഷന്മാര്‍ക്ക്‌ തുല്യമായ തോതിലും ഒരു പക്ഷേ അതിനും ഒരു പടി മുകളിലും സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്യാന്‍ സാധിക്കണമെങ്കില്‍ അവര്‍ താമസിക്കുന്ന ഇടങ്ങളും അതിന്‌ അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കണം. ഇത്തരത്തില്‍ സ്‌ത്രീകള്‍ക്ക്‌ ജോലി ചെയ്‌തു ജീവിക്കാന്‍ പറ്റിയ സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നിലുള്ള നഗരങ്ങള്‍ ബെംഗളൂരുവും ചെന്നൈയും മുംബൈയുമാണെന്ന്‌ അവ്‌താര്‍ ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി.

ലിംഗ തുല്യതയെ സഹായിക്കുന്ന പരിതസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്‍കുന്നുണ്ടെന്നറിയാന്‍ ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ്‌ സര്‍വേ നടത്തിയത്‌. ഓരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കോറുകളും നല്‍കി. ഹൈദരാബാദ്‌, പുണെ, കൊല്‍ക്കത്ത, അഹമ്മദാബാദ്‌, ഡല്‍ഹി, ഗുരുഗ്രാം, കോയമ്പത്തൂര്‍ എന്നിവയാണ്‌ ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ്‌ ഇന്ത്യന്‍ നഗരങ്ങള്‍.

കൊച്ചി പതിനൊന്നാമതായും തിരുവനന്തപുരം 13-ാമതായും പട്ടികയില്‍ ഇടം നേടി. ചെന്നൈയ്‌ക്കും കോയമ്പത്തൂരിനും പുറമേ തമിഴ്‌നാട്ടിലെ നഗരങ്ങളായ തിരുച്ചിറപ്പള്ളി (12), വെല്ലൂര്‍ (15), മധുരൈ (17), സേലം (18), ഈറോഡ്‌ (19), തിരുപ്പൂര്‍ (20) എന്നിവ ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടി. ആദ്യ 25ല്‍ 16ഉം ദക്ഷിണേന്ത്യന്‍ നഗരങ്ങളാണെന്നതും ശ്രദ്ധേയമാണ്‌. ഒരു നഗരം സ്‌ത്രീകള്‍ക്ക്‌ എത്ര മാത്രം ജീവിക്കാന്‍ കൊള്ളാവുന്നതാണ്‌, അവരുടെ സുരക്ഷ എത്ര മാത്രം ഉറപ്പാക്കുന്നു, തൊഴിലിലെ പങ്കാളിത്തം, സ്‌ത്രീകളുടെ ശാക്തീകരണം തുടങ്ങിയ ഘടകങ്ങളാണ്‌ സര്‍വേയില്‍ പരിഗണിച്ചത്‌.

friends catering
Verified by MonsterInsights