ജപ്പാനിൽ നിഗൂഢതകളാലും ഐതിഹ്യങ്ങളാലും പ്രസിദ്ധമായ ഒരു ദ്വീപുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപാണിത്. ഫുകുവോക്കയിലെ മുനകത തീരത്ത് സ്ഥിതി ചെയ്യുന്ന ഒകിനോഷിമ ദ്വീപിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പ്രാദേശിക മുനതക ഗോത്രക്കാര്‍ ഈ ദ്വീപിനെ വളരെ പവിത്രമായ ഇടമായാണ് കാണുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഒരു സ്ത്രീയെ പോലും കാണാന്‍ സാധിക്കില്ല.
സ്ത്രീകളുടെ ആര്‍ത്തവം അശുദ്ധമായി കണക്കാക്കുന്ന ഷിന്റോ വിശ്വാസങ്ങള്‍ അനുസരിച്ചാകാം സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് നിലനില്‍ക്കുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തിന് മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുക. അതും 200 പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ദ്വീപിലെത്തുന്ന പുരുഷന്മാര്‍ വസ്ത്രങ്ങള്‍ അഴിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തേണ്ടതുണ്ട്.
ഇതിനായി കടലില്‍ നഗ്‌നരായി കുളിക്കണം, അത് അവരുടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. ജപ്പാനിലെ ഏറ്റവും പഴയ രണ്ട് ചരിത്ര ഗ്രന്ഥങ്ങളായ കൊജികിയിലും നിഹോണ്‍ ഷോക്കിയിലും ഒകിനോഷിമയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സൂര്യദേവതയായ അമതേരാസു, ഒരു വാളില്‍ നിന്ന് മൂന്ന് പെണ്‍മക്കളെ സൃഷ്ടിച്ച് ജപ്പാനിലേക്ക് അയക്കുകയും, അവിടെയുണ്ടായിരുന്ന മുനകത വംശജര്‍ ഇവരെ ആരാധിച്ചിരുന്നുവെന്നുമാണ് കോജികിയില്‍ പറയുന്നത്.