ഫാക്ടറികളിൽ സ്ത്രീകളെ രാത്രി ഡ്യൂട്ടിക്കു നിയോഗിക്കുന്നതിനായി കേന്ദ്രനിയമത്തിനു ഭേദഗതി നിയമംകൊണ്ടുവരാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു കേരളം വീണ്ടും രാഷ്ട്രപതിയെ സമീപിച്ചു. 2020ൽ കേരളം നൽകിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതിരുന്ന സാഹചര്യത്തിൽ തൊഴിൽവകുപ്പ് സെക്രട്ടറിയാണു കഴിഞ്ഞദിവസം വീണ്ടും കത്തയച്ചത്. തുടർനടപടികൾക്കായി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസറെയും ചുമതലപ്പെടുത്തി.
ഫാക്ടറീസ് നിയമപ്രകാരം സ്ത്രീകളെ രാത്രിയിൽ ജോലി ചെയ്യിക്കാൻ വിലക്കുണ്ട്. എന്നാൽ നിയമത്തിലെ വകുപ്പ് 66 പ്രകാരം രാത്രി 7 മുതൽ 10 വരെയുള്ള സമയത്തു നിബന്ധനകൾക്കു വിധേയമായി ജോലി ചെയ്യിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാം. 7 മുതൽ 10 വരെ എന്നത് രാത്രി മുഴുവനുമാക്കി മാറ്റുന്നതിനുള്ള ഭേദഗതി നിയമമാണു സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ളത്. തൊഴിൽമേഖല കൺകറന്റ് പട്ടികയിൽ ഉൾപ്പെടുന്നതായതിനാൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമമുണ്ടാക്കാം. എന്നാൽ കേന്ദ്രനിയമത്തിനു വിരുദ്ധമാകാൻ പാടില്ല. രാഷ്ട്രപതിയുടെ അനുമതിയും വേണം. ഇതിനായാണു കേരളം രാഷ്ട്രപതിയെ വീണ്ടും സമീപിച്ചത്. അനുമതി ലഭിച്ചാൽ സംസ്ഥാന നിയമസഭയ്ക്കു നിയമനിർമാണം സാധ്യമാകും.
അനുമതി വൈകുന്ന സാഹചര്യത്തിൽ, രാത്രി 7 മുതൽ 10 വരെ സ്ത്രീകളെ ജോലി ചെയ്യിക്കാൻ കൂടുതൽ മേഖലയിലെ ഫാക്ടറികളെ അനുവദിച്ചുകൊണ്ടു കഴിഞ്ഞ ദിവസം സംസ്ഥാന തൊഴിൽവകുപ്പു വിജ്ഞാപനമിറക്കിയിരുന്നു. 2003ലെ വിജ്ഞാപനമനുസരിച്ച് 9 മേഖലയിലെ ഫാക്ടറികൾക്കായിരുന്നു അനുവാദം. പുതിയ മേഖലകളിൽനിന്നു കൂടി ആവശ്യമുയർന്നതിനാൽ വിജ്ഞാപനം പരിഷ്കരിച്ച് 24 മേഖലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ കൂട്ടി വീട്ടിലെത്തിക്കണം, ഷിഫ്റ്റ് ക്രമീകരണം സ്ത്രീകളുടെ പ്രതിവാര അവധി നഷ്ടമാകാതെയായിരിക്കണം, അന്തസ്സും സുരക്ഷയും മാനേജ്മെന്റ് ഉറപ്പുവരുത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.
