സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക രംഗത്ത് അതിന്റെ പ്രതിഫലനങ്ങൾ വ്യക്തമാണ്. സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെകൂടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി വിവിധ പദ്ധതികളാണ് സർക്കാർ തലത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാധാരണക്കാർ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്ന പോസ്റ്റ് ഓഫീസിന്റെ വിവിധ നിക്ഷേപ പദ്ധതികൾ ഇത്തരത്തിൽ സ്ത്രീകൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നവയാണ്. സ്ത്രീകൾക്ക് പ്രയോജനപ്പെടുത്താവുന്ന അഞ്ച് നിക്ഷേപ പദ്ധതികൾ നോക്കാം.
മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്: 2023ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതി സ്ത്രീകളിൽ നിക്ഷേപ സ്വഭാവം വളർത്തുന്നതിനും അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. സ്ഥിര പലിശ നിരക്കിൽ രണ്ട് വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതി പൂർണമായും അപകടരഹിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 7.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1000 രൂപയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റിലെ കുറഞ്ഞ നിക്ഷേപ പരിധി. ഇത്തരത്തിൽ 100ന്റെ ഗുണിതങ്ങളായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സ്ത്രീകൾക്ക് അവസരമുണ്ട്. അതേസമയം 12 മാസം പൂർത്തിയായൽ നിക്ഷേപ തുകയുടെ 40 ശതമാനം വരെ വായ്പയായും സ്വന്തമാക്കാം.
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന സുകന്യ സമൃദ്ധി യോജനയിൽ ദീർഘകാല നിക്ഷേപങ്ങളിലൂടെ അവരുടെ വിദ്യാഭ്യാസത്തിനും ഭാവി ചെലവുകൾക്കും ആവശ്യമായി തുക സ്വരൂപിക്കാം. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി മാതാപിതാക്കൾക്കോ നിയമപ്രകാരമുള്ള രക്ഷിതാക്കൾക്കോ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 8.5 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. അക്കൗണ്ട് തുറന്ന തീയതി മുതൽ 15 വർഷം വരെ അക്കൗണ്ടിൽ നിക്ഷേപം നടത്താം. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിനു ശേഷമോ അല്ലെങ്കിൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുമ്പോഴോ, ഏതാണ് നേരത്തെയെങ്കിൽ അക്കൗണ്ട് കാലാവധി പൂർത്തിയാകും. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷം പ്രത്യേക ആവശ്യങ്ങൾക്കായി ഭാഗിക പിൻവലിക്കലുകൾ അനുവദനീയമാണ്, ഇത് വഴക്കം വാഗ്ദാനം ചെയ്യുന്നു.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: സ്ഥിര വരുമാനം ലക്ഷ്യമിടുന്ന സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം. ഒറ്റത്തവണ നിക്ഷേപം സാധ്യമാകുന്ന പദ്ധതിയിൽ സിംഗിൾ അക്കൗണ്ടിന് പുറമെ പങ്കാളിക്കൊപ്പം ചേർന്ന് ജോയിന്റ് അക്കൗണ്ടും സാധ്യമാകും. നിലവിൽ 6.6 ശതമാനം പലിശ നിര്കകാണ് പദ്ധതിയിൽ പോസറ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയും പരമാവധി നിക്ഷേപ പരിധിയില്ലായെന്നതും ഇതിലെ സവിശേഷതയാണ്. പൊതുവായ പദ്ധതിയാണെങ്കിലും സ്ത്രീകൾക്ക് ഉപകാരപ്പെടുത്താൻ സാധിക്കുന്ന മന്ത്ലി ഇൻകം സ്കീം വിശ്രമ ജീവിതത്തിൽ സ്ത്രീകൾക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും.
സീനിയർ സിറ്റിസൺ സ്കീം: മുതിർന്ന പൗരന്മാർക്ക് വിരമിക്കൽ ജീവിതം ആസ്വദിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അഥവ എസ്സിഎസ്എസ്. 8.2 ശതമാനമാണ് നിലവിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 1000 രൂപയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം മുതൽ പരമാവധി നിക്ഷേപ പരിധിയായ 30 ലക്ഷം വരെ ഈ പദ്ധതിയിലൂടെ നിക്ഷേപിക്കാൻ സാധിക്കും. അംഗമാകാൻ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവും പദ്ധതിയിൽ ലഭിക്കുന്നു.