റേഷൻകാർഡ് പൊതുവിഭാഗത്തിൽ ആയതിനാൽ 15കാരിയായ സ്വപ്‌നയ്ക്ക് ചികിത്‌സാ സഹായം നിഷേധിക്കപ്പെട്ട സംഭവത്തിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ ഇടപെടൽ ആശ്വാസമായി. പൊതുവിഭാഗത്തിലായിരുന്ന റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകി. ഹൃദയ സ്പന്ദന തോത് കുറവായതിനാൽ പതിവായി തലകറങ്ങി വീഴുന്ന അസുഖത്തിന് ശ്രീചിത്രയിൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. ലക്ഷങ്ങൾ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടിലായ രാജാക്കാട് പുളയമാക്കൽ ശ്രീജിത്തിന്റേയും ഗീതുവിന്റേയും മകൾ സ്വപ്‌നയുടെ സ്ഥിതി അറിഞ്ഞ് മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. കാർഡ് മാറ്റി നൽകിയതിന് സ്വപ്‌ന ഫോൺ ഇൻ പരിപാടിയിൽ വിളിച്ച് മന്ത്രിയെ നന്ദി അറിയിച്ചു.
മാതാപിതാക്കൾ നഷ്ടപ്പെട്ട കാസർകോട് ബദിയഡുക്ക കുംബഡാജെകജെ കാരയ്ക്കാട് കോളനിയിലെ നാഗരാജ്, ഹർഷിരാജ്, അപർണ്ണ, സനത്ത്‌രാജ് എന്നിവർക്കും മന്ത്രിയുടെ ഇടപെടലിൽ മണിക്കൂറുകൾക്കുള്ളിൽ അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡ് ലഭിച്ചു. പരേതരായ രാഘവന്റേയും സീതയുടെയും വീട്ടിലെ റേഷൻ കാർഡ് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരുടെ വിഭാഗത്തിലാണെന്ന് അറിഞ്ഞ മന്ത്രി ജില്ലാ പൊതുവിതരണ വകുപ്പ് അധികൃതരെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തര നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു. വിവരം നാഗരാജിനെ മന്ത്രി തന്നെ ഫോണിൽ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന ഫോൺ ഇൻ പരിപാടിയിൽ നാഗരാജ് വിളിക്കുകയും മന്ത്രിയെ നന്ദി അറിയിക്കുകയും ചെയ്തു.