സ്വര്‍ണവില ഗിയര്‍ മാറ്റി; വന്‍ കുതിപ്പിന് ഒരുങ്ങുന്നു.

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ വലിയ വിലയിടിവ് ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 55000 രൂപയായിരുന്നു. നികുതി ഇളവിനെ തുടര്‍ന്ന് വില 50400 രൂപയിലേക്ക് താഴ്ന്നു. തൊട്ടുപിന്നാലെയാണ് വിലയില്‍ ഉയര്‍ച്ച തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കുന്നുണ്ട്. ഔണ്‍സ് വില വീണ്ടും 2400 ഡോളറിലേക്ക് എത്തുന്നത് ഇനിയും വില വര്‍ധിക്കാന്‍ ഇടയാക്കും. അറിയാം ഏറ്റവും പുതിയ പവന്‍ വിലയെ കുറിച്ച്ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത് 50720 രൂപയാണ്. 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപ കൂടി 6340 രൂപയിലെത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5245 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയില്‍ തുടരുകയാണ്.

വെള്ളിയാഴ്ച ഔണ്‍സ് സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 2387 ഡോളര്‍ ആയി ഉയര്‍ന്നിരുന്നു. ഇന്ന് 2393ലേക്ക് വര്‍ധിച്ചു. 2400 ഡോളര്‍ കടക്കുന്ന സാഹചര്യം വന്നാല്‍ കേരള വിപണിയിലും വലിയ തോതില്‍ വില ഉയരും. നേരത്തെ 2450 ഡോളറിലേക്ക് ഉയരുന്ന സാഹചര്യമുണ്ടായിരുന്നു. അപ്പോഴാണ് കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.അമേരിക്കയിലെ പലിശ നിരക്കില്‍ വൈകാതെ മാറ്റം സംഭവിക്കുമെന്നാണ് പ്രചാരണം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ യോഗം ബുധനാഴ്ച ചേരുന്നുണ്ട്. പലിശ നിരക്കില്‍ ഈ യോഗം മാറ്റം വരുത്തിയേക്കില്ല. അതേസമയം, പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ സെപ്തംബറില്‍ പലിശ കുറയ്ക്കുമെന്നാണ് അഭ്യൂഹം. പലിശ കുറച്ചാല്‍ നിക്ഷേപ വരുമാനം കുറയാന്‍ വഴിയൊരുങ്ങും. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കും. ഇങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും.

ഡോളര്‍ സൂചിക 104.23 എന്ന നിരക്കിലാണുള്ളത്. വലിയ മുന്നേറ്റം നടത്താന്‍ ഡോളറിന് സാധിക്കാത്തത് സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.72 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നു എന്നതാണ് മറ്റൊരു മാറ്റം. ബ്രെന്റ് ക്രൂഡ് ബാരലിന് 81.43 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. മറ്റു ക്രൂഡുകള്‍ക്കും വില വര്‍ധിച്ചു.ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 54000 രൂപ ചെലവായേക്കും. പണിക്കൂലി, ജിഎസ്ടി എന്നിവ ചേരുമ്പോഴാണിത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 48000 രൂപ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇനിയും വില ഉയരുന്ന സാഹചര്യമുള്ളതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നത് നല്ലതാണ്. പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തുന്നതാകും ഉചിതം.

Verified by MonsterInsights