സ്വര്‍ണം വന്‍ കുതിപ്പില്‍; തുടര്‍ച്ചയായ മൂന്നാം ദിനവും വര്‍ധിച്ചു… ട്രംപ് ഇഫക്ട് തീര്‍ന്നു, പവന്‍ വില അറിയാം.

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നല്‍കിയ ആശ്വാസം തീര്‍ന്നു എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

ഈ മാസം ഏറ്റവും ഉയര്‍ന്ന പവന്‍ വില 59080 രൂപയായിരുന്നു. ഏറ്റവും കുറവ് 55480 രൂപയും. ഈ നിരക്കില്‍ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഉയരാന്‍ തുടങ്ങിയത്. 480 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ചൊവ്വാഴ്ച 560 രൂപ വര്‍ധിച്ചു. ഇന്ന് 400 രൂപയും കൂടി. വരും ദിവസങ്ങളിലും ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് സൂചന. ഇന്നത്തെ സ്വര്‍ണവിലയും വിപണിയിലെ മാറ്റങ്ങളും അറിയാം.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 56920 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7115 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കൂടി 5870 രൂപയിലെത്തി. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 99 രൂപ നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയിലും സ്വര്‍ണവില കൂടുന്നതാണ് ട്രെന്‍ഡ്. ഔണ്‍സ് സ്വര്‍ണം 2640 ഡോളര്‍ നിരക്കിലാണിപ്പോള്‍ വ്യാപാരം. 2550ലേക്ക് നേരത്തെ ഇടിഞ്ഞിരുന്നു.

ഡോളര്‍ സൂചിക 106.26 എന്ന നിരക്കിലാണുള്ളത്. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയും. അതേസമയം, ക്രൂഡ് ഓയില്‍ വില കൂടുന്ന ട്രെന്‍ഡ് കാണിക്കുന്നുണ്ടെങ്കിലും വന്‍ മുന്നേറ്റമില്ല. ബ്രെന്റ് ക്രൂഡ് ബാരലിന് 73.28 ഡോളര്‍ ആണ് പുതിയ വില. രൂപയുടെ മൂല്യം ആശങ്കപ്പെടുത്തുന്നുണ്ട്. ഡോളറിനെതിരെ 84.40 എന്ന നിരക്കിലാണ് രൂപ. ഇത് ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാണ്.

ആഭരണം, പണിക്കൂലി, മൊത്തം ചെലവ്
പവന്‍ വില 57000ത്തോട് അടുത്ത സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നതിനുള്ള ചെലവും വര്‍ധിക്കും. ഓരോ ദിവസവും രാവിലെ വ്യാപാരികള്‍ സ്വര്‍ണ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള വിപണിയിലെ വില, മുംബൈ വിപണിയിലെ വില, ഡോളര്‍-രൂപ മൂല്യം എന്നിവ ഒത്തുനോക്കിയാണ് വില നിശ്ചയിക്കുക. അതേസമയം, ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ഈടാക്കും.

വാങ്ങുന്ന ആഭരണത്തിന്റെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലി വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണമാണെങ്കില്‍ പണിക്കൂലിയും കൂടും. കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണമാണെങ്കിലും പണിക്കൂലി വര്‍ധിക്കും. സ്വര്‍ണത്തിന്റെ വില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി ഈടാക്കുക. എല്ലാം കൂടി ചേര്‍ത്താകും ജ്വല്ലറികളുടെ ബില്ല്. അതുകൊണ്ടുതന്നെ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും.

വില ഇനിയും കൂടുമെന്ന സൂചനയുള്ള സാഹചര്യത്തില്‍, വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്തണം. മിക്ക ജ്വല്ലറികളിലും ഈ സംവിധാനം ലഭ്യമാണ്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കിയാണ് ബുക്ക് ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷം വരെ കാലാവധി നല്‍കുന്ന ജ്വല്ലറികളുണ്ട്. പണം കുറയുന്നതിന് അനുസരിച്ച് കാലാവധിയിലും കുറവ് വന്നേക്കും.

Verified by MonsterInsights