ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിഫൈനലില്‍; ഓസ്ട്രേലിയ പുറത്ത്.

ടി20 ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി അഫ്ഗാന്‍ സെമിയില്‍ പ്രവേശിച്ചു. ലോകകപ്പില്‍ ആദ്യമായാണ് അഫ്ഗാന്റെ സെമി പ്രവേശനം. എട്ടു റൺസിനു കീഴടക്കിയാണ് അഫ്ഗാനിസ്ഥാൻ സെമി സ്വന്തമാക്കിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്ഥാനാക്കാരായി അഫ്ഗാനിസ്ഥാൻ സെമിയിലെത്തി. നേരത്തേ അഫ്ഗാനോട് തോറ്റ ഓസ്ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. അതേസമയം സൂപ്പര്‍ എയിറ്റില്‍ ഒരു കളിപോലും ജയിക്കാതെയാണ് ബംഗ്ലാദേശിന്റെ മടക്കം.

ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ്ങ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ തീരുമാനം തെറ്റായിരുന്നു തോന്നിപ്പിക്കുംവിധമായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. ഓപ്പണര്‍ റഹ്മത്തുള്ള ഗുര്‍ബാസ് ഒഴികെ ആര്‍ക്കും കാര്യമായൊന്നും കാഴ്ചവയ്ക്കാനായില്ല. ഗുര്‍ബാസ് 43 റണ്‍സെടുത്തു. തക്സിന്‍ അഹമ്മദിന്റെയും ഷാക്കിബ് അല്‍ ഹസന്റെയും മുസ്തഫിസുര്‍ റഹ്മാന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ്ങിനുമുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 115 റണ്‍സെടുക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി.

Verified by MonsterInsights