ദില്ലി: നിലവിൽ അഞ്ച് ലക്ഷത്തിലേറെ പേർ ജോലി ചെയ്യുന്ന ടിസിഎസ് 2022 സാമ്പത്തിക വർഷത്തിൽ ക്യാംപസ് ഇന്റർവ്യൂ വഴി കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പേർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയിൽ ഇന്ത്യയിൽ 40000 പേർക്കും അമേരിക്കയിൽ രണ്ടായിരം പേർക്കും ജോലി നൽകിയിരുന്നു.
ലാറ്റിൻ അമേരിക്കയിലും കൂടുതൽ പേർക്ക് തൊഴിൽ നൽകുമെന്ന് ടിസിഎസിന്റെ സിഎച്ചആർഒ മിലിന്ദ് ലക്കഡ് പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കമ്പനി 20409 പേർക്ക് ജോലി നൽകിയെന്നും ഇതോടെ കമ്പനിയുടെ ആകെ ജീവനക്കാരുടെ എണ്ണം 509058 ആയി ഉയർന്നുവെന്നും കമ്പനി പറഞ്ഞു.
സർവീസ് ബിസിനസ് മോഡൽ എപ്പോഴും ആളുകളുമായി ചേർന്നു നിൽക്കുന്നതാണെന്നും അത് എപ്പോഴും അനുബന്ധ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വളരാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.