ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്ജരാക്കുന്ന സ്ഥാപനങ്ങളാണ് സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. വരുന്ന അധ്യയനവർഷത്തേക്കുള്ള അപേക്ഷ ഏപ്രിൽ 6 വരെ നൽകാം. സാധാരണ സ്കൂളുകളിലെ 8,9,10 ക്ലാസുകളിലെപ്പോലെയാണു പഠനം. കൂടുതലായി സാങ്കേതിക വിഷയങ്ങളിലെ തിയറിയും പ്രാക്ടിക്കലും. ടിഎച്ച്എസ് സർട്ടിഫിക്കറ്റ് എസ്എസ്എൽസിക്കു തുല്യമാണ്.
ഒന്നാം വർഷം അടിസ്ഥാന സാങ്കേതിക പരിശീലനം. രണ്ടും മൂന്നും വർഷങ്ങളിൽ ഇഷ്ടപ്പെട്ട ട്രേഡിൽ വിശേഷ പരിശീലനം. അധ്യയന മാധ്യമം മുഖ്യമായി ഇംഗ്ലിഷ്. 8, 9 ക്ലാസുകളിൽ “എൻറിച് യുവർ ഇംഗ്ലിഷ് കോഴ്സ്’. പരിശീലനത്തിനു കൂടുതൽ നേരം വേണ്ടതിനാൽ സ്കൂൾ സമയം 9 മുതൽ 4.30 വരെ. പോളിടെക്നിക് കോളജ് പ്രവേശനത്തിനു ടിഎച്ച്എസുകാർക്കു 10% സംവരണം (ഉദ്ദേശം 1200 സീറ്റ്).
ഏഴാം ക്ലാസ് ജയിച്ച്, 2022 ജൂൺ ഒന്നിനു 16 വയസ്സു തികയാത്തവരെയാണു പ്രവേശിപ്പിക്കുക. പട്ടിക, ഒഇസി, ഭിന്നശേഷി, വിമുക്തഭട, രാജ്യരക്ഷാ വിഭാഗക്കാർക്കു സംവരണമുണ്ട്. പ്രോസ്പെക്ടസിനും ഓൺലൈൻ അപേക്ഷയ്ക്കും വെബ് www.polyadmission.org/ths. ഒന്നിലേറെ സ്കൂളുകളിലേക്കും വെവ്വേറെ അപേക്ഷിക്കുന്നതിൽ തടസ്സമില്ല.ഏപ്രിൽ 7നു നടത്തുന്ന പ്രവേശനപ്പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒന്നാം വർഷ വിദ്യാർഥികൾക്കു സ്കൂൾ മാറ്റം കിട്ടില്ല. ട്യൂഷൻ ഫീയില്ല. ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും.
സ്കൂളുകൾ : 39 ടിഎച്ച്എസ്സുകളിലായി ആകെ 3275 സീറ്റുകൾ: നെടുമങ്ങാട്, നെയ്യാറ്റിൻകര, ശ്രീകാര്യം, കുളത്തൂപ്പുഴ, എഴുകോൺ, ഹരിപ്പാട്, കാവാലം, കൃഷ്ണപുരം, പാമ്പാടി, കുറിച്ചി, പാലാ, തീക്കോയി, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, ഇലഞ്ഞി, മുളന്തുരുത്തി, ആയവന, വാരപ്പെട്ടി, പുറപ്പുഴ, വണ്ണപ്പുറം, അടിമാലി, തൃശൂർ, കൊടുങ്ങല്ലൂർ, ഷൊർണൂർ, പാലക്കാട്, ചിറ്റൂർ, കോക്കൂർ, കുറ്റിപ്പുറം, മഞ്ചേരി, കോഴിക്കോട്, വടകര, പയ്യോളി, തളിപ്പറമ്പ്, കണ്ണൂർ, നെരുവമ്പ്രം, മൊഗ്രാൽ പുത്തൂർ, ചെറുവത്തൂർ,മാനന്തവാടി, സുൽത്താൻ ബത്തേരി.